ആവേശം ചോർന്ന് കുസാറ്റ് കലോത്സവം

Friday 01 March 2024 5:25 PM IST

കൊച്ചി: നാലു പേർ മരിച്ച ദുരന്തം നടന്നതിന്റെ നടുക്കം മാറും മുമ്പേ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നടക്കുന്ന കലോത്സവത്തിന് നിറംകെടുന്നു.

വിദ്യാർത്ഥികളുടെ പങ്കാളിത്തക്കുറവും ഒരുവിഭാഗം അദ്ധ്യാപകരുടെ നിസഹരണവും കൊണ്ട മേള വെറും ചടങ്ങായി. വ്യാഴാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരനടക്കം വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. ഇന്നലെ കലാപരിപാടികൾ നടന്ന 12 വേദികളിലും കാണികളുടെ സാന്നിദ്ധ്യം പഴയപോലയുണ്ടായില്ല. മൂന്നുമാസം മുമ്പ് സഹപാഠികൾ ആൾക്കൂട്ടത്തിന്റെ ചവിട്ടേറ്റു മരിച്ചതിന്റെ ഞെട്ടൽ മാറാത്ത വിദ്യാർത്ഥികളിൽ പലർക്കും കലാമേള ആഘോഷമാക്കുന്നതിനോട് അമർഷമുണ്ടായിരുന്നു. അഞ്ചുദിവസം ക്ലാസുകൾ അവധിയായതിനാൽ ഹോസ്റ്റൽവാസികളായ ഒട്ടേറെ കുട്ടികൾ നാട്ടിലേക്ക് പോയി. ആൾക്കൂട്ടത്തിൽ പോകേണ്ടതില്ലെന്ന് പല മാതാപിതാക്കളും മക്കളെ ഉപദേശിച്ചതായും പറയുന്നു.

ടെക്ഫെസ്റ്റ് ദുരന്തപര്യവസായിയായ സാഹചര്യത്തിൽ കലോത്സവം മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ സർവകലാശാലാ യൂണിയന്റെ നേതൃത്വത്തിൽ പരിപാടിക്ക് ഫണ്ട് ശേഖരണവുമായി മുന്നോട്ടുപോവുകയായിരുന്നു. കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളിൽ ഉന്നതരെ രക്ഷിച്ച് ഏതാനും അദ്ധ്യാപകരെ മാത്രം പ്രതികളാക്കിയത് വിവാദമായിരുന്നു. ഇതിന്റെ പ്രതിഷേധമെന്ന നിലയിൽക്കൂടിയാണ് ഒരു വിഭാഗം അദ്ധ്യാപകർ ബഹിഷ്കരിച്ചത്. അങ്ങനെ കുസാറ്റിലെ 'സർഗം 2024' എന്തിനോ വേണ്ടി തിളയ്ക്കുന്ന മേളയായിരിക്കുകയാണ്.

Advertisement
Advertisement