അതി ദരിദ്രരായവർക്ക് കോർപ്പറേഷൻ താങ്ങ്

Saturday 02 March 2024 12:09 AM IST

കൊച്ചി: നഗരത്തിലെ അതിദരിദ്രർക്ക് കൈത്താങ്ങുമായി കൊച്ചി കോ‌ർപ്പറേഷൻ. 462 കുടുംബങ്ങൾക്കാണ് വിവിധ സഹായങ്ങളൊരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വീടില്ലാത്തവർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നൽകും. ആഹാരം പാകം ചെയ്ത് കഴിക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് സമൃദ്ധി കിച്ചൺ വഴി മൂന്നുനേരം ആഹാരം എത്തിക്കും. അതത് പ്രദേശത്തെ സി.ഡി.എസിനാണ് ചുമതല. മാനസിക ബുദ്ധിമുട്ടുള്ളവർ, കിടപ്പ് രോഗികൾ എന്നിവരാണ് അർഹർ. പോഷകാഹാരം വാങ്ങി കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സപ്ലൈകോ വഴി മാസത്തിൽ പോഷകാഹാര കിറ്റും നൽകും. ചെറുപയർ, കടല, വെളിച്ചെണ്ണ, ഓയിൽ എന്നിവയാണ് കിറ്റുലുള്ളത്. ക്യാൻസർ പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് ചികിത്സാ സഹായവും നൽകും. കൂടാതെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം, വീൽചെയർ വിതരണം, ഉപജീവന മാർഗം എന്നിവയും പദ്ധതി വഴി നൽകും. കോർപ്പറേഷന്റെ പ്ലാൻ ഫണ്ടിൽ നിന്ന് പദ്ധതിക്കായി 9.77 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്പോൺസർഷിപ് വഴി സഹായങ്ങൾ ലഭ്യമാക്കാനും ശ്രമമുണ്ട്. വിവിധ ആവശ്യങ്ങളുള്ളവരെ കണ്ടെത്തി വരികയാണ്.

ഗുണഭോക്താക്കൾ

പോഷകാഹാര കിറ്റ്- 238

ഭക്ഷണം- 27

സ്ഥലവും വീടുമില്ലാത്തവർ- 133

വാസയോഗ്യമായ വീടില്ലാത്തവർ- 38

ചികിത്സാസഹായം- 15

പഠനോപകരണം- 12

വീൽ ചെയർ- 15