വിവാഹമോചനം തുടങ്ങിയാൽ 20ആഴ്ചയായ ഗർഭം അലസിപ്പിക്കാം
കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാൽ 20 ആഴ്ച പിന്നിട്ട ഗർഭം ഒഴിവാക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതിൽ അന്തിമതീരുമാനം അവരുടേതാണ്. 20 ആഴ്ച പിന്നിട്ട ഗർഭം ഒഴിവാക്കാൻ അനുമതി തേടി 23കാരി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായ തടസമുള്ളതിനാലാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹമോചനവുമായി മുന്നോട്ടുപോകവേ, ഗർഭിണിയാണെന്ന പരാതിക്കാരിയുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത കോടതി, മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് ഗർഭഛിദ്രം അനുവദിച്ചത്.
അമ്മയുടെയോ ഗർഭസ്ഥ ശിശുവിന്റെയോ ആരോഗ്യപ്രശ്‌നങ്ങൾ, അമ്മയുടെ മാനസിക പ്രശ്‌നങ്ങൾ, വിവാഹമോചനം, ഭർത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹിതയ്‌ക്ക് 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രെഗ്‌നൻസി ആക്ട് പ്രകാരം അനുമതി നൽകാറുള്ളത്.