വിവാദ നിർദേശം പിൻവലിച്ച് എം.വി.ഡി: ടെസ്റ്റിനുള്ള സ്ഥലം ഉദ്യോഗസ്ഥർ കണ്ടെത്തും
□ഡ്രൈവിംഗ് സ്കൂളുകാരെ ഒഴിവാക്കും
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിനു ആവശ്യമായ ഗ്രൗണ്ട് സജ്ജമാക്കേണ്ടതും ട്രാക്കുകൾ ഒരുക്കേണ്ടതുമെല്ലാം ഡ്രൈവിംഗ് സ്കൂളുകാരാണെന്ന വിവാദ നിർദേശം മോട്ടോർ വാഹനവകുപ്പ് പിൻവലിച്ചു. ഇത് ചെറിയ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടിപ്പോകുന്നതിന് കാരണമാകുമെന്നും പകരം വൻകിട കോർപ്പറേറ്റുകളെത്തുമെന്നുമുള്ള കേരളകൗമുദി റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
പുതുക്കിയ മാർഗ്ഗനിർദേശങ്ങളനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റിന് ആർ.ടി.ഒമാരും ജോയിന്റ്
ആർ.ടി.ഒമാരും 15 ദിവസത്തിനുള്ളിൽ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം. 13.07 സെന്റ് സ്ഥലമാണ് ടെസ്റ്റിംഗ് ട്രാക്കിന് വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും, ശുചിമുറികൾ, കുടിവെള്ളം, വാഹനപാർക്കിങ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കുറഞ്ഞത് 50സെന്റ് സ്ഥലമെങ്കിലും വേണ്ടി വരും. പുതിയതായി സ്ഥലം കണ്ടെത്തുന്നതിന് റവന്യു, തദ്ദേശ അധികൃതരുടെ
സഹായം തേടാം. മറ്റുമാർഗ്ഗമില്ലെങ്കിൽ സ്വകാര്യ ഭൂമിയും പരിഗണിക്കാം. ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്ന വിശദീകരണം സർക്കുലറിൽ ഇല്ല.