റബർ കോട്ടയത്ത് സൂപ്പർ സ്റ്റാറാണ്, വില്ലനും

Saturday 02 March 2024 1:23 AM IST

കോട്ടയം: തിരഞ്ഞെടുപ്പ് ചൂടിൽ കോട്ടയത്തെ 'വില്ലനും സൂപ്പർ താരവും" ഒന്നു തന്നെ റബർ. 47 വർഷത്തിനുശേഷം കോട്ടയത്ത് കേരള കോൺഗ്രസുകൾ ഏറ്റുമുട്ടുമ്പോൾ റബർ വില നിർണായകമാകുമെന്നുറപ്പ്. ഇത് കേരളകോൺഗ്രസ് ജോസഫ് -ജോസ് ഗ്രൂപ്പുകൾക്ക് നിർണായകമാകും.

റബർ വിലയിടിവിന് കാരണം ഇടതു മുന്നണിയാണെന്നാണ് യു.ഡി.എഫ് പക്ഷം. എന്നാൽ അത് ആസിയൻ കരാർ ഒപ്പിട്ട യു.പി.എ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് എൽ.ഡി.എഫ് ശ്രമം. സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും ചുങ്കം വർദ്ധിപ്പിച്ചതോടെ റബർ ഇറക്കുമതി കുറഞ്ഞെന്നും സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണ് പ്രതിസന്ധിക്കു കാരണമെന്നുമാണ് ബി.ജെ.പിയുടെ പക്ഷം.

200 രൂപ തറവില നൽകാമെന്നായിരുന്നു ആദ്യപിണറായി സർക്കാരിന്റെ വാഗ്‌ദാനം. തുടർഭരണമടക്കം എട്ടു വർഷമായിട്ടും അത് നടപ്പാക്കാനായില്ല. ഇതിനിടെ തറവില 150ൽ നിന്ന് 170 രൂപയാക്കി. കേന്ദ്ര സർക്കാർ സഹായിച്ചാൽ 200 രൂപ ആക്കുന്നതിന് വിരോധമില്ലെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

 നവകേരളയാത്രയിൽ ശകാരം

നവകേരള യാത്ര പാലായിൽ എത്തിയപ്പോൾ വിലയിടിവ് പ്രശ്നം കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർത്ഥിയും എം.പിയുമായ തോമസ് ചാഴികാടൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നു. പരിഹരിക്കാമെന്ന മറുപടിക്ക് പകരം ഇതൊക്കെ ഇവിടെയാണോ പറയുന്നതെന്ന ശകാരമായിരുന്നു മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. എങ്കിലും തങ്ങളുടെവോട്ടു ബാങ്കിനു മുന്നിൽ പ്രശ്നം അവതരിപ്പിച്ചത് ഗുണം ചെയ്യുമെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ.

കെ. സുധാകരനും വി.‌ഡി. സതീശനും നയിച്ച സമരാഗ്നിയാത്ര കോട്ടയത്തെത്തിയപ്പോൾ ഇരുവർക്കും റബർ ഷീറ്റുകൊണ്ടുള്ള തൊപ്പി പ്രവർത്തകർ സമ്മാനിച്ചിരുന്നു. കൊപ്പി തലയിൽവെപ്പിച്ചില്ലെങ്കിലും റബർ വിഷയത്തിൽ കേന്ദ്ര - സംസ്ഥാനസർക്കാരുകളെ കുറ്റപ്പെടുത്തിയാണ് ഇരുവരും മടങ്ങിയത്.

Advertisement
Advertisement