വാട്ടർ ടാങ്കിലെ അസ്ഥികൂടം, അവിനാഷിന്റെ ബന്ധുക്കളെ കാത്ത് പൊലീസ്
പോത്തൻകോട് : കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിയാനാകാതെ പൊലിസ്.
സ്ഥലത്ത് നിന്ന് ലഭിച്ച തലശ്ശേരി സ്വദേശി അവിനാഷിന്റെ ഡ്രൈവിംഗ് ലൈസസ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡി.എൻ.എ പരിശോധനയ്ക്കായി അവിനാഷിന്റെ മാതാപിതാക്കളെ കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ചെന്നൈയിലുള്ള ബന്ധുക്കൾ എത്തിയിട്ടില്ല. ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന അവിനാഷിനെ കുറിച്ച് 2017മുതൽ ബന്ധുക്കൾക്ക് യാതൊരു വിവരവുമില്ല. അസ്ഥികൂടം അവിനാഷിന്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാനാകൂ,
അസ്ഥികൂടം കണ്ടെത്തിയ മാൻഹോളിൽ അധികം പഴക്കമില്ലാത്ത അലുമിനിയം ഏണിയും പൊട്ടിയ പ്ലാസ്റ്റിക് സ്റ്റൂളും മുകളിൽ നിന്ന് താഴേക്ക് കെട്ടിയ കയറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത് ദുരുഹത വർദ്ധിപ്പിക്കുന്നു.
35 വർഷം ഉപയോഗിക്കാതെ കിടന്ന ഭൂനിരപ്പിലുള്ള വാട്ടർ ടാങ്കിലാണ് 29 വയസ് തോന്നിക്കുന്ന യുവാവിന്റെ അസ്ഥികൂടം കണ്ടത്. 18 അടി താഴ്ചയുള്ള വാട്ടർ ടാങ്കിൽ ആറ് മാൻഹോളുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നു കിടന്നിരുന്നു. ഇതിൽ ഒന്നിന് താഴെയാണ് അസ്ഥികൂടം കിടന്നത്. കൊന്ന് കെട്ടി തൂക്കിയതാകാനും സാദ്ധ്യതയുണ്ട്.
കാമ്പസിലേക്ക് വെള്ളമെത്തിക്കാൻ വാട്ടർ അതോറിട്ടി വർഷങ്ങൾക്ക് മുമ്പാണ് ടാങ്കും പമ്പ്ഹൗസും സ്ഥാപിച്ചത്. പിന്നീട് യൂണിവേഴ്സിറ്റിയുമായി സ്ഥലത്തെ ചൊല്ലി തർക്കം ഉണ്ടായി. സ്ഥലം യൂണിവേഴ്സിറ്റിയുടെതാണെന്ന സ്ഥിരീകരണം വന്നതോടെ യൂണിവേഴ്സിറ്റി അധികൃതർ മുൻവശം മതിൽകെട്ടി അടക്കുകയായിരുന്നു.