സിദ്ധാർത്ഥിന്റെ മരണം -- ഡീനിനെതിരെ പിതാവ്; വെള്ളപൂശി മന്ത്രി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വിദ്യാർത്ഥി സിദ്ധാർത്ഥിനെ ക്രൂരമായി പീഡിപ്പിച്ചതറിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കാൻ ഡീൻ ഡോ. എം.കെ. നാരായണൻ കൂട്ടുനിന്നെന്ന് പിതാവ് ടി. ജയപ്രകാശ്. എന്നാൽ, കുട്ടികളെ സ്നേഹിക്കുന്ന ഡീനിന്റെ ഇടപെടൽ ഇക്കാര്യത്തിലില്ലെന്ന് പ്രോ ചാൻസലറായ മന്ത്രി ചിഞ്ചുറാണി ന്യായീകരണവുമായെത്തിയത് വിവാദമായി. സി.പി.ഐ കോളേജ് അദ്ധ്യാപക സംഘടനാ പ്രവർത്തകനാണ് നാരായണൻ. സ്വന്തം പാർട്ടിക്കാരനെ സംരക്ഷിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം.
ജയപ്രകാശിന്റെ ആരോപണം ഇങ്ങനെ: സംഭവമറിഞ്ഞ് അവിടെ എത്തിയ എന്റെ ഭാര്യാ സഹോദരനോട് ഡീൻ പറഞ്ഞത് സിദ്ധാർത്ഥിന് പ്രണയബന്ധം ഉണ്ടായിരുന്നെന്നാണ് . എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ വരാൻ അദ്ദേഹം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തെറ്റ് ചെയ്യാത്തവർ എന്തിനാണ് സംരക്ഷണം തേടുന്നത്. വീട്ടിൽ വന്നിട്ടും സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല."
അസി. വാർഡനും അറിഞ്ഞല്ല?
സിദ്ധാർത്ഥിനെ മൂന്നു ദിവസം ഹോസ്റ്റൽ മുറിയിൽ ഒരു തുള്ളി വെള്ളം കുടിക്കാൻ നൽകാതെ ക്രൂരമായി മർദ്ദിച്ചിട്ടും അസിസ്റ്റന്റ് വാർഡൻ അറിഞ്ഞില്ലെന്ന് പറയുന്നതിലും കുടുംബം ദുരൂഹത ആരോപിക്കുന്നു. ഹോസ്റ്റലിലെ കാര്യങ്ങൾ വാർഡൻ ഡീനിനെയും രജിസ്‌ട്രാറെയും അറിയിക്കേണ്ടതാണ്. ഇതിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ സർവ്വകലാശാല പരിശോധിക്കണമെന്നതാണ് നിയമം. പക്ഷേ, ഒന്നുമുണ്ടായില്ല. സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും സർവകലാശാല അന്വേഷണവും പ്രഖ്യാപിട്ടില്ല.
ഗവർണറും മന്ത്രിമാരും സന്ദർശിച്ചു
സിദ്ധാർത്ഥിന്റെ വീട് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി വി.ശിവൻകുട്ടിയും സന്ദർശിച്ചു. സിദ്ധാർത്ഥിന്റെ അച്ഛനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സർവകലാശാല വൈസ് ചാൻസിലർ എം.ആർ. രവീന്ദ്രനാഥും സന്ദർശനം നടത്തി. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് വൈസ് ചാൻസിലർ കുടുംബത്തിന് ഉറപ്പ് നൽകി.
സിദ്ധാർത്ഥിന്റെ മരണത്തിൽ വി.സിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം.
-ഡോ. ബി.അശോക്
(മുൻ വി.സി , വെറ്ററിനറി യൂണിവേഴ്‌സിറ്റി )സി.പി.ഐ കാരനായ ഡീൻ നാരായണനെ രക്ഷിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. സംഭവം പൂർണ്ണമായി അറിയുമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഡീൻ സ്വീകരിച്ചത്.
- രമേശ് ചെന്നിത്തല