ഉത്സവപ്പറമ്പിലെ വധശ്രമം വൈറൽ, പ്രതികളെ തേടി പൊലീസ്
ചാത്തന്നൂർ: ഉത്സവപ്പറമ്പിൽ യുവാവിനെ മർദ്ദിച്ചവശനാക്കിയ ശേഷം വയറ്റിലും നെഞ്ചിലും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായതോടെ പ്രതികൾക്കായി പൊലീസ് തെരച്ചിൽ.
മീനാട് ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസത്തെ കെട്ടുകാഴ്‌ചയുടെ ഭാഗമായി കുതിരമൂട്ടിലുണ്ടായ സംഘർഷമാണ് ഒരു മണിക്കൂറിന് ശേഷം സംഘടിതാക്രമണമായത്. ഒരു പ്രതിയെ അറസ്‌റ്ര് ചെയ്‌ത പൊലീസ് മറ്റ് ആറുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
ഫെബ്രുവരി 26ന് മീനാട് സ്വദേശി ജോയിക്കാണ് കുതിരയെടുപ്പിനിടെ മർദ്ദനമേറ്റത്. ഇതിനിടെ ജോയിയുടെ സ്വർണമാല നഷ്‌ടമായി. വിവരം അനൗൺസ്‌മെന്റ് പോയിന്റിൽ അറിയിച്ച ശേഷം മടങ്ങുന്നതിനിടെയാണ് നേരത്തെ ആക്രമിച്ച സംഘം വീണ്ടും ജോയിയെയും സഹോദരൻ ജോഷിനെയും ആക്രമിച്ചത്. കൂടുതൽ പേരെത്തി വളഞ്ഞിട്ട് മർദ്ദിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ചു. ഓടിയെത്തിയ ഇവരുടെ പിതാവിനും മർദ്ദനമേറ്റു. ക്ഷേത്രത്തിന് മുൻവശത്തെ റോഡിൽ അഞ്ച് മിനിറ്റോളം അക്രമികൾ അഴിഞ്ഞാടി.
ചോരവാർന്ന നിലയിൽ നിന്ന ജോഷി ആരോ നൽകിയ തോർത്തുകൊണ്ട് മുറവ് കെട്ടിവച്ച് ആശുപത്രിയിൽ പോകാൻ വാഹനങ്ങൾക്ക് കൈകാണിക്കുന്ന ദൃശ്യങ്ങളും പൊലീസിനും നാണക്കേടായി. അടിയുടെ തുടക്കത്തിൽ ഒരാൾ കത്തി കൈയിൽ പിടിച്ചിരിക്കുന്നതും കുത്തിയശേഷം കത്തി പാന്റിന്റെ പോക്കറ്റിൽ തിരുകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വധശ്രമം, മാരകമായി മുറിവേൽപ്പിക്കൽ ഉൾപ്പെടെ ഗൗരവമേറിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ കേസുകളിൽ ഉൾപ്പെട്ട ശേഷം നാട്ടിൽ ഇല്ലാതിരുന്ന യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് സൂചന.