സിദ്ധാർത്ഥിന്റെ മരണം:പ്രക്ഷോഭത്തിന് കോൺഗ്രസ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. സിദ്ധാർത്ഥിനെ കൊന്നതാണെന്നും, നീതിക്കായി കോൺഗ്രസ് എന്ന പേരിൽ പ്രക്ഷോഭ പരമ്പര ആരംഭിക്കുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി .സിദ്ദിക്ക് എം.എൽ.എയും രാഷ്ട്രീയകാര്യ സമിതി അംഗം എം .ലിജുവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വയനാട് ഡി.സി.സിയുടെ നേതൃത്വത്തിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തും.
സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് തീപ്പന്തൽ തെരുവ് എന്ന പേരിൽ പന്തംകൊളുത്തി പ്രകടനം നടത്തും. സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയത് ജീവൻ രക്ഷാപ്രവർത്തനമാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ക്രിമിനൽ സംഘത്തിന് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തലോടൽ ലഭിക്കുന്നുണ്ട്. ഇവരുടെ ഹീറോയും വഴികാട്ടിയും മുഖ്യമന്ത്രിയാണ്. കേരളത്തിലെ ക്യാമ്പസുകളിൽ പരിശോധന നടത്താനും, ഹോസ്റ്റലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കാനും ജുഡീഷ്യൽ കമ്മീഷൻ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.