തിരഞ്ഞെടുപ്പ് കണ്ട് പ്രതിപക്ഷ ദുഷ്പ്രചാരണം: സി.പി.എം

Saturday 02 March 2024 12:41 AM IST

കൽപ്പറ്റ: വെറ്ററിനറി സർവകലാശാലയിലെ ദാരുണ സംഭവത്തിന് രാഷ്ട്രീയ നിറം നൽകി ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഒരു വിദ്യാർത്ഥിനിയുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും തുടർന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ നടന്നതെന്നുമാണ് മനസിലാവുന്നത്. പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികളിൽ 18 പേരിൽ 5 പേർ എസ്.എഫ്.ഐ പ്രവർത്തകരായതിനാൽ എസ്.എഫ്.ഐയെ ഒറ്റ തിരിഞ്ഞ് അക്രമിച്ച് അതുവഴി സി.പി.എമ്മിലേക്ക് എത്തിക്കുക എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ കേസ് ഏൽപ്പിച്ചത്.
സി.പി.എം ഓഫീസിലാണ് പ്രതികളെ സംരക്ഷിക്കുന്നതെന്നും സി.കെ. ശശീന്ദ്രനും പി.ഗഗാറിനും ഉൾപ്പെടെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നെന്നും കുപ്രചാരണം നടത്താനാണ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വി.മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോപണമുന്നയിക്കുന്നവർ അത് തെളിയിക്കാനും തയ്യാറാവണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Advertisement
Advertisement