സിദ്ധാർത്ഥിന്റെ മരണം; പ്രതികൾക്കൊപ്പം കോടതിയിൽ കയറിയ മുതിർന്ന സിപിഎം നേതാവിനെ ജഡ്‌ജി ഇറക്കിവിട്ടു

Saturday 02 March 2024 8:29 AM IST

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടെന്ന് വിവരം. ബുധനാഴ്ച അറസ്റ്റിലായ ആറുപേരെ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. മജിസ്ട്രേറ്റ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൊലീസിനും പ്രതികൾക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാർ വിലക്കിയെങ്കിലും ഇയാൾ പിന്മാറിയില്ല.

ആരാണ് തടയാൻ എന്ന് ജീവനക്കാരോട് കയര്‍ത്ത് ചോദിച്ച നേതാവ് പൊലീസ് ഇടപെട്ടിട്ടും പിന്മാറിയില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കിയത് വളരെ വൈകിയെന്ന് പറയാൻ വേണ്ടിയാണ് മജിസ്ട്രേറ്റിന് അടുത്തേക്ക് സിപിഎം നേതാവ് കയറിപ്പോയത്. എന്നാൽ മജിസ്ട്രേറ്റ് തന്നെ നേതാവിനോട് മുറിക്ക് പുറത്ത് ഇറങ്ങാൻ നിര്‍ദ്ദേശം നൽകുകയായിരുന്നു. മജിസ്ട്രേറ്റ് പറഞ്ഞതോടെ നേതാവ് പുറത്തിറങ്ങിപ്പോയി. രണ്ട് സിപിഎം നേതാക്കളാണ് പ്രതികളെ ഹാജരാക്കാൻ എത്തിച്ചപ്പോൾ കോടതിയിലെത്തിയത്. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് അകത്തേക്ക് കയറിയത്.

കേസിൽ 19 പേർക്ക് മൂന്ന് വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൂടുതൽ വിദ്യാര്‍ത്ഥികൾക്കെതിരെ കോളേജ് ആന്റി റാഗിംഗ് കമ്മറ്റി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് കോളേജിൽ വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഹോസ്റ്റലിൽ അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാം.

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. കോളേജ് പരിസരത്ത് നാലിടത്ത് വച്ച് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലെ സംഘം സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചിരുന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചും, കോളേജ് ഹോസ്റ്റലിൽ വച്ചും, ഹോസ്റ്റലിന് സമീപത്തെ കുന്നിൽ വച്ചും, ഡോര്‍മെറ്ററിക്ക് അകത്ത് വച്ചും മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനെല്ലാം പുറമെ ഹോസ്റ്റൽ മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം 'ഡെമോ' പോലെ കാണിച്ചു കൊടുത്തുവെന്നും വിവരമുണ്ട്. എന്നാൽ ഇതൊക്കെ നേരിൽ കണ്ട ഒരാൾ പോലും സിദ്ധാര്‍ത്ഥനൊപ്പം നിന്നില്ല.