'ഗോവിന്ദൻ  മാസ്റ്റ‌റെ  പോയി കാണൂ'; ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ചെന്ന് ആരോപണം

Saturday 02 March 2024 10:28 AM IST

തൃശൂർ: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി ആരോപണം. കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർത്ഥിച്ചത്. എന്നാൽ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്റ‌റെ പോയി കാണാനായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടിയെന്നാണ് ആരോപണം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം.

ഗോവിന്ദൻ മാസ്റ്റ‌റെ പോയി കാണാൻ പറഞ്ഞപ്പോൾ ഒന്നുമനസിലാവാതെ വന്ന സിന്ധു ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. പിന്നീട് ക്ഷേത്ര നടയിലുണ്ടായിരുന്നവരാണ് കാര്യം അവരെ പറഞ്ഞ് മനസിലാക്കിയത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കെെക്കൂഞ്ഞുമായി സിന്ധു കരയുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ഗോപിയെയും സംഘത്തേയും കണ്ടപ്പോഴാണ് സഹായം ചോദിച്ചത്. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000രൂപയോളം ചെലവ് വരും.