ഡ്രോണുകൾക്കും ഫോണുകൾക്കും വിലക്ക്, ധരിക്കേണ്ടത് ഇത്തരത്തിലുളള വസ്ത്രങ്ങൾ, ബാപ്‌സ് ഹിന്ദു മന്ദിറിലെത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ദുബായ്: കഴിഞ്ഞ മാസം ആദ്യത്തോടെയാണ് യുഎയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇതോടെ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ ഹിന്ദുക്ഷേത്രമായി ബാപ്‌സ് മാറിയിരുന്നു. ഇപ്പോഴിതാ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുകൊടുത്തിരിക്കുകയാണ്.
ഹിന്ദുക്കളുൾപ്പടെ എല്ലാ മതവിശ്വാസികൾക്കും വിനോദ സഞ്ചാരികൾക്കും ക്ഷേത്രത്തിൽ പ്രവേശനം സാദ്ധ്യമാണ്. വിപുലമായ സജീകരണങ്ങളാണ് സന്ദർശകർക്കായി ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ഒരുക്കിയിരിക്കുന്നത്. അതേസമയം,ക്ഷേത്രത്തിലെത്തുന്നവർ പാലിക്കേണ്ട ചില നിബന്ധനകളും അധികൃതർ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഇവ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശ്വാസികളെ ഓർമപ്പെടുത്തിയിട്ടുണ്ട്.
പ്രധാനപ്പെട്ട നിബന്ധനകൾ ഇവയാണ്
1. സന്ദർശകർ ലളിതമായ വസ്ത്രങ്ങൾ ധരിക്കണം.
സന്ദർശകർ കൈമുട്ടുകളും തോൾഭാഗവും പൂർണമായും മറയ്ക്കുന്ന തരത്തിലുളള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സുതാര്യമായതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ക്ഷേത്രത്തിന്റെ ആശയങ്ങൾക്കെതിരായ തരത്തിലുളള മുദ്രാവാക്യങ്ങളോ ഡിസൈനുകളോ ആലേഖനം ചെയ്ത വസ്ത്രങ്ങൾ പൂർണമായും വിലക്കിയിട്ടുണ്ട്.
2. ക്ഷേത്രത്തിൽ വളർത്തുമൃഗങ്ങൾക്ക് പ്രവേശനമില്ല.
സന്ദർശകർ വളർത്തുമൃഗങ്ങളുമായി ക്ഷേത്രത്തിൽ എത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
3. പുറത്ത് നിന്നുളള ഭക്ഷണമോ പാനീയമോ കൊണ്ടുവരാൻ അനുമതിയില്ല.
സന്ദർശകർക്കാവശ്യമായ ഭക്ഷണങ്ങൾ ക്ഷേത്ര കൗണ്ടറിൽ നിന്നോ ഓൺലൈൻ സൗകര്യങ്ങളിലുടെയോ ലഭ്യമാകും.
4. ഡ്രോണുകൾക്ക് വിലക്ക്
ക്ഷേത്രത്തിനുളളിലോ പരസരത്തോ ഡ്രോണുകൾ പൂർണമായും വിലക്കിയിട്ടുണ്ട്.
5. കുട്ടികൾ മാതാപിതാക്കളോടൊപ്പമോ മുതിർന്നവർക്കൊപ്പമോ മാത്രം എത്തുക.
6. സന്ദർശകർക്ക് ക്ഷേത്രത്തിലേക്ക് പഴ്സുകളും ചെറിയ ബാഗുകളും കൊണ്ടുവരാം. വലിയ ബാഗുകൾ നിരോധിച്ചിട്ടുണ്ട്.
7. ആയുധങ്ങൾക്ക് വിലക്ക്
സന്ദർശകർക്ക് മെറ്റൽ ഡിക്റ്ററിന്റെ പരിശോധയ്ക്ക് ശേഷമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുളളൂ. അതിനാൽ ഇരുമ്പുൾപ്പടെ ലോഹങ്ങളുപയോഗിച്ച് നിർമിച്ച ആയുധങ്ങൾ ക്ഷേത്രത്തിനകത്ത് നിരോധിച്ചിട്ടുണ്ട്.
8. പുകയില ഉൽപ്പന്നങ്ങളും പുകവലിയും നിരോധിച്ചിട്ടുണ്ട്.
9. മദ്യപാനം പൂർണമായും നിരോധിച്ചിട്ടുണ്ട്.
10. സന്ദർശകർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് പരിഹരിക്കാൻ പ്രത്യേക ജീവനക്കാരുണ്ട്.
11. സന്ദർശകർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ഷൂസ് ഉപയോഗിക്കാൻ പാടില്ല.
12. മൊബൈൽ ഫോൺ ഉപയോഗം.
ക്ഷേത്രത്തിന് പുറത്ത് ചിത്രങ്ങൾ പകർത്തുന്നതിനും വീഡിയോകൾ ചിത്രീകരിക്കുന്നതിനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാം. എന്നാൽ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഭക്തരുടെ സൗകര്യം പരിഗണിച്ച് മൊബൈൽ ഫോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
13. വീൽചെയർ സൗകര്യം ലഭ്യമാണ്.
14. നിശബ്ദത പാലിക്കുക
ക്ഷേത്രപൂജകൾക്കോ മറ്റുളള സന്ദർശകർക്കോ ശല്യമാകുന്ന തരത്തിൽ ശബ്ദമുണ്ടാക്കരുത്,
15. ക്ഷേത്രത്തിലുളള പെയിന്റിംഗുകളും ലിഖിതങ്ങളും നശിപ്പിക്കരുത്.
16. വിഗ്രഹങ്ങളെ ബഹുമാനിക്കുക.
17. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ വ്യക്തി ശുചിത്വം പാലിക്കുക.
18. ക്ഷേത്രത്തിനുളളിലോ പരിസരങ്ങളിലോ അനാവശ്യമായി ചമരിലോ മറ്റുഭാഗങ്ങളിലോ യാതൊന്നും എഴുതിവയ്ക്കുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്,
19. ഫോട്ടോഗ്രാഫി
വാണിജ്യേതര ആവശ്യങ്ങൾക്കായി ചിത്രങ്ങളും വീഡിയോകളും പകത്താം. മറ്റുളള ആവശ്യങ്ങൾക്കാണെങ്കിൽ press@mandir.ae എന്ന സൈറ്റിലൂടെ അനുമതി തേടേണ്ടതാണ്.
20. വിശ്വാസികൾക്ക് ക്ഷേത്രത്തിലെ എല്ലാവിധത്തിലുളള പൂജകൾക്കും ചടങ്ങുകൾക്ക് പങ്കെടുക്കാം.