മണ്ണാർക്കാട് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാകുന്നു
- റോഡ് പണി മൂലം പൈപ്പുകൾ പൊട്ടുന്നത് മൂലമെന്ന് വാട്ടർ അതോറിറ്റി
മണ്ണാർക്കാട്: നഗരത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഇടക്കിടെ മുടങ്ങുന്നത് പതിവാകുന്നു. ഇതു മൂലം വീട്ടുകാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ടിലാണ്. മുന്നറിയിപ്പ് പോലും നൽകാതെ കഴിഞ്ഞ മൂന്ന് ദിവസമാണ് ജലവിതരണം മുടങ്ങിയത്. ഇതു മൂലം പല ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഏറെ ബുദ്ധിമുട്ടിലായി.
മണ്ണാർക്കാട്-അട്ടപ്പാടി റോഡ് വർക്ക് നടക്കുന്നതുമൂലം പലയിടങ്ങളിലും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നതാണ് കുടിവെള്ള വിതരണം മുടങ്ങാനുള്ള കാരണമെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. മണലടി ഭാഗത്ത് പൈപ്പ് പൊട്ടിയതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. രണ്ട് ദിവസമായി അവിടെ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. ഇത് പൂർത്തിയായതിന് ശേഷമാണ് ജലവിതരണം പുനഃസ്ഥാപിച്ചത്. എന്നാൽ റോഡ് പണി മറ്റിടങ്ങളിലേക്ക് നീളുമ്പോൾ ആ ഭാഗങ്ങളിലും പൈപ്പുകൾ പൊട്ടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ജല വിതരണം മുടങ്ങുന്ന അവസ്ഥ വീണ്ടുമുണ്ടാകും. റോഡ് വർക്കിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പിടൽ പ്രവർത്തനം നടന്നു വരികയാണ്. ഇത് പൂർത്തിയാകുന്നതു വരെ ഈ ഭാഗങ്ങളിലെ റോഡ് പണി നിർത്തി വച്ച് മറുഭാഗത്ത് പണി നടത്തുകയാണെങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകൂ. ഇക്കാര്യം ആവശ്യപ്പെട്ട് കെ.ആർ.അഫ്.ബിക്ക് വാട്ടർ അതോറിറ്റി കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.