കാഴ്ചപരിമിതർക്ക് പഠനത്തിന് 'ലൂയി'ടാബ്

Sunday 03 March 2024 1:24 AM IST

തിരുവനന്തപുരം: കാഴ്ചയിൽ മെറ്റൽ കോട്ടിംഗുള്ള ഒരു ടാബ്‌ലെറ്റ്.അത് കാഴ്ച പരിമിതരുടെ കൈയിൽ ബ്രെയിൽ ലിപിയുള്ള 'ലൂയി' ടാബ്‌ലെറ്റാവും. ഒരു ബട്ടൺ ഞെക്കിയാൽ മതി. സ്ക്രീനിന് പുറത്തേക്ക് തള്ളിനിൽക്കുന്ന പോലുള്ള ബ്രെയിൽ ലിപികളിലൂടെ വിരലുകളോടിച്ച് വായിക്കാം. പുസ്തകം പോലെ താളുകൾ മറിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇത് സാദ്ധ്യമാക്കിയത്. ബ്രെയിൽ ലിപി ആവിഷ്കരിച്ച ലൂയി ബ്രെയിലിന്റെ പേരും നൽകി.

കാഴ്ച പരിമിതരായ സ്‌കൂൾ-കോളേജ് കുട്ടികൾക്ക് കുറഞ്ഞ വിലയ്‌ക്ക് ടാബ് എത്തിക്കുന്നത് സിക്സ് ഡോട്ട് ഡിസൈൻ എന്ന സ്റ്റാർട്ടപ്പാണ്. പാലക്കാട് സ്വദേശികളായ അഭിജിത്ത് (27),ഹരികൃഷ്ണ (26), അഖിലേഷ് (27) എന്നിവർ 2019ൽ തുടങ്ങിയതാണ് സംരംഭം.

ജന്മനാ കാഴ്ചയില്ലാത്ത സുഹൃത്ത് പഠിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നലിൽ നിന്നാണ് ടാബ് വികസിപ്പിക്കുന്നത്.

എല്ലാ പാഠങ്ങളുടെയും നോട്ടുകൾ ബ്രെയിൽ ലിപിയിൽ ലഭിക്കണമെന്നില്ല. അദ്ധ്യാപകർ പഠിപ്പിക്കുന്നത് റെക്കാഡ് ചെയ്ത് കേൾക്കുമ്പോൾ ശബ്ദം വ്യക്തമാകണമെന്നില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ലൂയി ടാബ്. പാഠങ്ങളുടെ പി.ഡി.എഫോ നോട്ടോ യു.എസ്.ബി കേബിൾ വഴി ഫോണിൽ നിന്ന് ടാബിലേക്ക് നൽകാം. ഒരു ബട്ടൺ ഞെക്കുമ്പോൾ നോട്ട് ബ്രെയിൽ ലിപിയിലാവും. ബ്രെയിൽ പുസ്തകം പോലെ വിരലുകൾ തൊട്ട് വായിക്കാം. മലയാളം, ഇംഗീഷ് കഥകളും നോവലുകളും ബ്രെയിൽ ലിപിയിൽ വായിക്കാം. സംശയങ്ങളുണ്ടെങ്കിൽ അദ്ധ്യാപകർക്ക് ബ്രെയിൽ ലിപിയിൽ സന്ദേശമയക്കാം. സാധാരണ സന്ദേശമായി അവർക്ക് ലഭിക്കും. എഴുതാൻ ബ്രെയിൽ കീബോർഡും ഉണ്ട്. യു.പി.എസ്.സി പരീക്ഷകൾക്കും പഠിക്കാം. ഭാവിയിൽ നിർമ്മിതബുദ്ധി ആപ്പും നിർമ്മിക്കും. ചെന്നൈയിലാണ് ഓഫീസ്. അവിടത്തെ അന്ധവിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. വിപണിയിൽ ഉടൻ എത്തിക്കും.

വഴിത്തിരിവായത് ഐ.ഐ.ടി

പാലക്കാട് എൻ.എസ്.എസ് കോളേജിൽ അഭിജിത്തും ഹരികൃഷ്ണയും ഇലക്ട്രിക്കലും അഖിലേഷ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗും ആയിരുന്നു. 2019ൽ പാസായി. അഖിലേഷ് ഐ.ഐ.ടി മദ്രാസിൽ എം.എസ് ഇലക്‌ട്രിക്കൽ ചെയ്തു. അന്നാണ് കാഴ്ചപരിമിതനായ സുഹൃത്ത് നൊമ്പരമായത്. അഭിജിത്തിനോടും ഹരിയോടും പറഞ്ഞു. കൊവിഡ് കാലമായതിനാൽ ഫണ്ടിനും മറ്റും ബുദ്ധിമുട്ടി. കേന്ദ്രത്തിന്റെ നിധി പ്രയാസ് സ്‌കീമിൽ അഞ്ചു ലക്ഷം ഗ്രാന്റ് ലഭിച്ചു. അതാണ് തുടക്കം.

ഐ.ഐ.എം. കൽക്കട്ട 8000 സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത 10 മികച്ച സ്റ്രാർട്ടപ്പുകളിൽ ഇടവും നേടി. .