ശമ്പളം അക്കൗണ്ടിലുണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ട്രഷറിയിലെ എംപ്ലോയ് ട്രഷറി സേവിംഗ്സ് ബാങ്ക് (ഇ.ടി.എസ്.ബി) അക്കൗണ്ടിലെത്തുന്ന ശമ്പളം അവിടെ നിന്നാണ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നത്. ഇ.ടി.എസ്.ബിയിലേക്ക് ശമ്പളം കൈമാറിയെന്നാണ് സർക്കാർ പറയുന്നത്. ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയിട്ടില്ല.
അതേസമയം ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഭരണപക്ഷ സംഘടനകൾക്കും അമർഷമുണ്ട്.എൻ.ജി.ഒ.സംഘ് ട്രഷറി ഡയറക്ടറേറ്റിലേക്ക് മാർച്ചുംധർണയും സംഘടിപ്പിച്ചു. ജീവനക്കാരുടെ ഏഴ് ഗഡു ഡി.എയും കുടിശികയാണ്.
പ്രതിസന്ധി മറികടക്കാൻ സർക്കാർ തീവ്ര ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രഷറി ഓവർഡ്രാഫ്റ്റിലായതിനാൽ കൂടുതൽ പണം എടുക്കാനാവില്ല.സഹകരണബാങ്കുകളിൽ നിന്നുള്ള 3140കോടിയുടെ വായ്പാതിരിച്ചടവ് ഒരുവർഷത്തേക്ക് നീട്ടിവച്ചു.
സഹകരണസ്ഥാപനങ്ങളിൽ നിന്ന് പണം കണ്ടെത്താനും പൊതുമേഖലാസ്ഥാപനങ്ങളിലെ നീക്കിയിരിപ്പ് തത്ക്കാലം ട്രഷറിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.ഇതോടെ 1800 കോടി തികയ്ക്കാനാവും
കൊച്ചി ബിഷപ്പ് ജോസഫ് കരിയിൽ സ്ഥാനമൊഴിഞ്ഞു
സ്വന്തം ലേഖകൻ
ഫോർട്ട് കൊച്ചി: കൊച്ചി രൂപതാ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ (75) സ്ഥാനമൊഴിഞ്ഞു. ഫോർട്ടു കൊച്ചിയിലെ രൂപത ആസ്ഥാനത്ത് നടന്ന വൈദിക യോഗത്തിലായിരുന്നു പ്രഖ്യാപനം. ബിഷപ്പുമാരുടെ വിരമിക്കൽ പ്രായം 75 വയസായി നിജപ്പെടുത്തിയതിനെ തുടർന്നാണിത്. രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പുതിയ ബിഷപ്പ് സ്ഥാനമേൽക്കുംവരെ കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരിക്കും.
2009 ജൂലായ് 5നാണ് ജോസഫ് കരിയിൽ സ്ഥാനമേറ്റത്. കഴിഞ്ഞ ജനുവരി 11ന് 75 വയസ് പിന്നിട്ടതോടെ നിയമാനുസൃത വിരമിക്കലിനായി വത്തിക്കാനെ വിവരമറിയിച്ചു. കഴിഞ്ഞയാഴ്ച അംഗീകാരം ലഭിച്ചു. വത്തിക്കാനിൽ നിന്നാണ് പുതിയ ബിഷപ്പിന്റെ പ്രഖ്യാപനം വരുന്നത്.