ടി.വി.രാജേഷ് സി.പി.എം കണ്ണൂർ ജില്ല ആക്ടിംഗ് സെക്രട്ടറി
കണ്ണൂർ: മുൻ എം.എൽ.എ ടി.വി.രാജേഷിനെ സി.പി.എം കണ്ണൂർ ജില്ല ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി എന്നിവർ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി എം.വി.ജയരാജൻ കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതിനെ തുടർന്നാണിത്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമാണ് ടി.വി.രാജേഷ്. 2011 മുതൽ 2021 വരെ കല്ല്യാശ്ശേരി എം.എൽ.എ ആയിരുന്നു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ സംഘടനകളുടെ സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
2019ൽ വടകര ലോക്‌സഭ മണ്ഡലത്തിൽ പി.ജയരാജൻ മത്സരിച്ചപ്പോഴാണ് എം.വി.ജയരാജനെ ആക്ടിംഗ് സെക്രട്ടറിയായും തുടർന്ന് നടന്ന ജില്ല സമ്മേളനത്തിൽ സെക്രട്ടറിയായും നിയമിച്ചത്. ജില്ല കമ്മിറ്റി യോഗത്തിൽ എൻ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.വി.ജയരാജൻ സ്വാഗതം പറഞ്ഞു.