കേരളത്തിലെ മറ്റൊരു നഗരത്തിനും ഇനി കൊച്ചിക്കൊപ്പം എത്താനാവില്ല,​ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ ഏകനഗരം,​ വരുന്നത് വൻമാറ്റം

Sunday 03 March 2024 12:16 AM IST

കൊച്ചി: ഒരുവർ‌ഷത്തിനുള്ളിൽ ബ്രഹ്മപുരത്ത് പ്രവർത്തി​ക്കുന്ന പ്ളാന്റുകളുടെ എണ്ണം നാലാകുന്നതോടെ സംസ്ഥാനത്തെ സമ്പൂർണ മാലിന്യ നിർമാർജ്ജന നഗരമായി കൊച്ചി മാറും.

നിലവിൽ രണ്ട് ബി.എസ്.എഫ് പ്ലാന്റിന്റെ നിർമ്മാണമാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. ഇനി രണ്ട് പ്ലാന്റ് കൂടി നി‌ർമ്മാണം ആരംഭിക്കുന്നതോടെയാണ് ബ്രഹ്മപുരത്ത് ഒരുവർഷത്തിനുള്ളിൽ വരുന്ന പ്ലാന്റുകളുടെ എണ്ണം നാലാകുന്നത്.

മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന സി.ബി.ജി പ്ലാന്റാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ മാസം തന്നെ നിർമ്മാണം ആരംഭിച്ച് അടുത്ത് മാർച്ചിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് ഇതിന് അനുമതി നൽകിയത്. 150 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.

സി.ബി.ജി പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതുവരെ മാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റാൻ 50 ടൺ ശേഷിയുള്ള പുതിയ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, 50 ടൺ വീതം ശേഷിയുള്ള രണ്ട് ബി.എസ്.എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) പ്ലാന്റ് എന്നിവയാണ് ഒരു വർഷത്തിനുള്ളിൽ ബ്രഹ്മപുരത്ത് വിഭാവനം ചെയ്യുന്ന മറ്റ് പദ്ധതികൾ. സി.ബി.ജി പ്ലാന്റ് പ്രവർത്തന സജ്ജമായാലും 150 ടണ്ണിൽ കൂടുതൽ വരുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് ഈ പ്ലാന്റുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഡിപ്പിംഗ് ഫീസ് വാങ്ങി മാലിന്യം എത്തിച്ച് കോർപ്പറേഷന് വരുമാനമുണ്ടാക്കാനും സാധിക്കും.

ബ്രഹ്മപുരത്ത് പുതിയ വിൻഡ്രോപ്ലാന്റ് സ്ഥാപിക്കുന്നതിനും കൗൺസിൽ അനുമതി നൽകിയിരുന്നു. നിലവിലെ വിൻഡ്രോ പ്ലാന്റിന് പകരം കരഭൂമിയിൽ പുതിയ പ്ലാന്റ് നിർമ്മിക്കുകയാണ് ലക്ഷ്യം. 80 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. പുറത്തുനിന്നുള്ള ഏജൻസികൾക്ക് പകരം സർക്കാർ എംപാനൽ ചെയ്തിട്ടുള്ള ഏജൻസികൾക്ക് നിർമ്മാണ ചുമതല നൽകാനാണ് തീരുമാനം. 100 ടൺ ശേഷിയുള്ള പ്ലാന്റിനാണ് അനുമതി ചോദിച്ചതെങ്കിലും 50 ടൺ ആണ് അനുവദിച്ചത്. കൗൺസിൽ യോഗത്തിൽ 150 ടൺ വേണമെന്ന ആവശ്യം ഉയർന്നതോടെ 100 ടണ്ണിന് അനുമതി നൽകണമെന്ന് സർക്കാരിനോട് കോർപ്പറേഷൻ ആവശ്യപ്പെടും.

പുതിയ പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ സമ്പൂർണ മാലിന്യ സംസ്കരണം നടത്തുന്ന സംസ്ഥാനത്തെ ഏക നഗരമായി കൊച്ചി മാറുമെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നഗരത്തിൽ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.