സർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തപ്പെടാം : എം.വി. ഗോവിന്ദൻ
ലോക്സഭാ തിരഞ്ഞെടുപ്പിനായി സജീവ പ്രചരണ ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള തിരക്കുകളിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലേക്ക് ചുരുങ്ങിയ ഇടതുപക്ഷത്തിന് നിർണായകമാണ് ഇത്തവണത്തെ പോരാട്ടം. തിരഞ്ഞെടുപ്പ് രാഷ്ട്രീയവും സൈദ്ധാന്തിക രാഷ്ട്രീയവും ഒരുപോലെ വഴങ്ങുന്ന എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം നേരിടുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അദ്ദേഹം കേരള കൗമുദിയുമായി സംസാരിച്ചു.
തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ
വിലയിരുത്തൽ ആകുമോ?
അതത് രാഷ്ട്രീയ സന്ദർഭവുമായി ബന്ധപ്പെടുത്തിയാണ് വോട്ടർമാർ തിരഞ്ഞെടുപ്പിനെ സമീപിക്കുക. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സന്ദർഭം വേറെയാണ്. പാർലമെന്റ്, നിയമസഭ,തദ്ദേശ തിരഞ്ഞെടുപ്പുകൾ മൂന്നും മൂന്നായിട്ടാണ് കേരളത്തിലെ വോട്ടർമാർ നോക്കിക്കാണുന്നത്. 2019ൽ എൽ.ഡി.എഫിന് ലഭിച്ചത് ഒരു സീറ്റാണ്. പക്ഷേ പിന്നീടു വന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം നടത്താൻ ഇടതുപക്ഷത്തിന് സാധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കണ്ട് തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾ തൂത്തുവാരാമെന്ന് സ്വപ്നം കണ്ട യു.ഡി.എഫിന്റെ അവസ്ഥ കണ്ടതല്ലേ? തിരഞ്ഞെടുപ്പാകുമ്പോൾ സ്വാഭാവികമായും ഇവിടെയുള്ള സർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തപ്പെട്ടേക്കാം. ഇല്ലെന്നല്ല പറയുന്നത്. പ്രധാനമായും ദേശീയ രാഷ്ട്രീയം തന്നെയാണ് വിഷയം.
ഒരു സീറ്റിൽ നിന്ന് ഇക്കുറിയുള്ള
പോരാട്ടം എങ്ങനെ?
മുന്നണിയെ സംബന്ധിച്ച് ഇത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണ്. സാഹചര്യം ഏറെ അനുകൂലമാണ്. രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള നീക്കത്തെ ഫലപ്രദമായി നേരിട്ട് മതനിരപേക്ഷ സമൂഹത്തെ രൂപപ്പെടുത്താനുള്ള ബദൽ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് തീർത്തും ദുർബലമായി. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിർ വരമ്പ് നേർത്ത് ഇല്ലാതായി. കോൺഗ്രസിന്റെ ഉന്നത നേതാക്കൾപോലും ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യം കേരളത്തിന്റെ മതേതരമനസ്സ് തിരിച്ചറിഞ്ഞുകഴിഞ്ഞു. അത് ഇടതുപക്ഷത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.
ടി.പി വധം. ചർച്ചയാകുന്നത് വെല്ലുവിളി
സൃഷ്ടിക്കില്ലേ?
ഈ ഒരേ കാര്യം തന്നെ പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി. അതിനുശേഷം എത്ര തിരഞ്ഞെടുപ്പുകൾ വന്നു. ഇടതുപക്ഷം ഭരണത്തുടർച്ചയും നേടി. യു.ഡി.എഫിനെ സഹായിക്കാൻ മാദ്ധ്യമങ്ങൾ ഇപ്പോഴും അതിൽ കടിച്ചു തൂങ്ങുകയാണ്. മാദ്ധ്യമങ്ങളില്ലെങ്കിൽ യു.ഡി.എഫ് ഇല്ല എന്നതാണ് സ്ഥിതി.
എം.എൽ.എമാർ മത്സരിക്കുന്നത് അവരെ തിരഞ്ഞെടുത്ത
ജനങ്ങളോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുമോ?
അങ്ങനെയൊന്നുമില്ല. മുമ്പും എല്ലാ കൂട്ടരും അങ്ങനെ ഇഷ്ടംപോലെ മത്സരിച്ചിട്ടുണ്ട്, അതൊന്നും ഒരു വിഷയമേയല്ല.
തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത്
സെക്രട്ടറിയാണോ? മുഖ്യമന്ത്രിയാണോ?.
വ്യക്തിപരമായി ഇന്ന ആൾ എന്നതൊന്നും ഇടതുപക്ഷ രീതിയിലില്ല. കൂട്ടായ പാർട്ടി നേൃത്വത്തിലൂടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുക.