അതിക്രൂര മർദ്ദനം നാലിടത്ത് വച്ച് ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തൽ 98 വിദ്യാർത്ഥികൾ മൊഴി നൽകി

Sunday 03 March 2024 12:57 AM IST

വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി കെ.എസ്.സിദ്ധാർത്ഥ് നേരിടേണ്ടിവന്നത് അതിക്രൂര മർദ്ദനമെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ കണ്ടെത്തൽ. മൂന്നുദിവസം ഭക്ഷണമോ വെള്ളമോ നൽകാതെയാണ് പ്രതികൾ മർദ്ദിച്ചത്. ഹോസ്റ്റലിലെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി അവരെക്കൊണ്ടും ഉപദ്രവിച്ചുവെന്നും കണ്ടെത്തി. 98 വിദ്യാർത്ഥികൾ ആന്റി റാഗിംഗ് സ്‌ക്വാഡിന് മുമ്പാകെ മൊഴി നൽകി.


ആൺകുട്ടികളുടെ ഹോസ്റ്റലിലെ 21ാം നമ്പർ മുറി, നടുമുറ്റം, വാട്ടർടാങ്കിന്റെ പരിസരം, ക്യാമ്പസിലെ കുന്ന് എന്നിവിടങ്ങളിൽ വച്ചായിരുന്നു മർദ്ദനം. ബെൽറ്റ് ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിനൊപ്പം പലവട്ടം ചവിട്ടി നിലത്തിട്ടു. മുടിയിൽ പിടിച്ചു വലിച്ചു. കവിളത്തു പലതവണ അടിച്ചു. വയറിലും നെഞ്ചിലും ആഞ്ഞു ചവിട്ടിയതായും വിദ്യാർത്ഥികൾ മൊഴി നൽകി.

ഉറങ്ങുകയായിരുന്ന വിദ്യാർത്ഥികളെ വിളിച്ചുണർത്തി സിദ്ധാർത്ഥിനെ മർദ്ദിക്കാനാവശ്യപ്പെട്ടു.

അടിക്കാൻ തയ്യാറാവാത്തവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർത്ഥിനെ അടിച്ചശേഷം കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. വിദ്യാർത്ഥികളെ നടുമുറ്റത്തേക്കു വിളിച്ചുവരുത്തിയതിനു ശേഷം സിദ്ധാർത്ഥിനെ നഗ്നനാക്കി മർദ്ദിച്ചു. ഈ സമയത്തെല്ലാം സിദ്ധാർത്ഥ് കരയുന്നുണ്ടായിരുന്നു.


നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. സിദ്ധാർത്ഥ് കടുംകൈ ചെയ്‌തേക്കാമെന്ന് പ്രതികൾക്ക് തോന്നിയിരുന്നു. ഇതേ തുടർന്ന് 17ന് രാത്രി മുഴുവൻ പ്രതികൾ കാവലിരുന്നു. 18ന് ഉച്ചവരെ വീണ്ടും ക്രൂരമായി മർദ്ദിച്ചു. പിന്നാലെയാണ് സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
Advertisement