കണ്ണുക്കൊരു വണ്ണക്കിളി കാതുക്കൊരു ഗാനക്കുയിൽ....

Sunday 03 March 2024 12:58 AM IST

തിരുവനന്തപുരം:

''രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാറ്റാടി പോലാടുത്...'' പല്ലവി പി.ജയചന്ദ്രൻ പാടിയത് കണ്ണടച്ചാണ്. ഇളയരാജയുടെ ഈണം. 1984ലാണ്. തലയാട്ടി ആസ്വദിക്കുകയാണ് ഇളയരാജ. അനുപല്ലവിയിൽ ഈണം മാറും

കണ്ണുക്കൊരു വണ്ണക്കിളി കാതുക്കൊരു ഗാനക്കുയിൽ
നെഞ്ചുക്കൊരു വഞ്ചിക്കൊടി നീതാനമ്മാ ....
തത്തി തവഴും തങ്കച്ചിമഴേ ....
പൊങ്കിപ്പെരുകും സങ്കത്തമിഴേ ....
മുത്തം തരാ നിത്തം വരും നച്ചത്തിരം...

ഗാനരചയിതാവ് വാലി അറിയാതെ എണീറ്റു. ജയച്ചന്ദ്രന്റെ ആലാപനം കേട്ട് ഉള്ളിൽ കുളിരുണ്ടായി എന്ന് വാലി. പാട്ട് സീനിൽ അഭിനയിച്ച വിജയകാന്ത് ജയചന്ദ്രന്റെ കാൽതൊട്ടു വണങ്ങി.

ജയച്ചന്ദ്രന് ഒരു നിർബന്ധമുണ്ട്. റെക്കാഡിംഗിന് മുമ്പ് പാട്ടിന്റെ പശ്ചാത്തലം അറിയണം. വരികളുടെ അർത്ഥം, നായകന്റ ഭാവം എല്ലാം മനസിലാക്കും. ഇളയരാജയുടെ സിരന്ത് പാടകർ (മികച്ച ഗായകർ) എപ്പോഴും ജയചന്ദ്രനായിരുന്നു. തമിഴിൽ പിന്നേയും എത്രയോ പ്രണയഗാനങ്ങൾ പാടി ഹിറ്റാക്കിയിരിക്കുന്നു.

നൂറിലേറെ തമിഴ് ഗാനങ്ങൾ പാടി. അത്രത്തോളം കന്നഡ,​ തെലുങ്ക് ഗാനങ്ങളും മൂന്ന് ഹിന്ദി പാട്ടുകളും ഉണ്ട്.

1994ൽ 'കിഴക്കുശീമയിലേ' എന്ന ചിത്രത്തിലെ 'കത്താഴൻ കാട്ടുവഴി' എന്ന എ.ആർ റഹ്മാൻ ഗാനത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചു. 1997ൽ തമിഴ്നാട് സർക്കാർ 'കലൈമാമണി പുരസ്‌കാരം' നൽകി ആദരിച്ചു.

അഭിനയത്തിലും ഒരു കൈ

കൃഷ്ണപ്പരുന്ത്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡജ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അഭിനയം തുടരാത്തതെന്ത് എന്ന് ഒരു ചോദ്യം ഉയർന്നപ്പോൾ ''ആളുകൾക്കു സഹിക്കാവുന്നതിന് ഒരു പരിധിയില്ലേടോ?'' എന്നായിരുന്നു മറുചോദ്യം. തന്റെ അഭിനയം കണ്ട് ''തനിക്കൊന്നും വേറെ പണിയില്ലേടോ?'' എന്ന് എ.ടി.ഉമ്മർ ചോദിച്ചിട്ടുണ്ട്.

പാടുന്നത്: യേശുദാസ്, മൃദംഗം: ജയചന്ദ്രൻ

1858ൽ ആദ്യ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ജയചന്ദ്രന്റെ മൃദംഗത്തിന്റെ അകമ്പടിയോടെ യേശുദാസ് പാടിയിരുന്നു. തുടർന്നുള്ള മൂന്നു വർഷങ്ങളിൽ മൃദംഗത്തിനും ലളിതഗാനത്തിനും ഒന്നാം സ്ഥാനം ജയചന്ദ്രനായിരുന്നു.

സാധകം ചെയ്യാത്ത ഗായകൻ

ഗായകരുടെ സാധകവും ചിട്ടയുള്ള ജീവിതചര്യകളും ജയചന്ദ്രന് അന്യമാണ്. പ്രായമേറും തോറും മാധുര്യമേറുന്ന ശബ്ദത്തെ സംരക്ഷിക്കാൻ ഒന്നും ചെയ്യാറില്ല. എരിവും പുളിയും മധുരവും ചൂടുകാപ്പിയും ചായയും എല്ലാം കഴിക്കും. യോഗയോ വ്യായാമങ്ങളോ ഇല്ല. വെജിറ്റേറിയനാണ്. അധികം തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുമെന്നു മാത്രം. പാട്ട് കേൾക്കുന്നതാണ് ഇഷ്ടവിനോദം. മുഹമ്മദ് റഫി, മന്നാഡേ, സൗന്ദർരാജൻ, എ.എം.രാജ, ലതാ മങ്കേഷ്‌കർ, പി.സുശീല തുടങ്ങിയവരെ പതിവായി കേൾക്കും. മുഹമ്മദ് റഫിയും പി.സുശീലയുമാണ് പ്രിയഗായകർ.

Advertisement
Advertisement