പ്രതികളെ ഒളിപ്പിച്ചത് സി.പി.എം ഓഫീസിൽ: രമേശ് ചെന്നിത്തല

Sunday 03 March 2024 1:08 AM IST

 കോൺഗ്രസ് മാർച്ചിൽ സംഘർഷം

വൈത്തിരി: വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സി.പി.എം ഓഫീസിൽ ഒളിപ്പിച്ചെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക്‌ കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്‌.ഐക്ക് പങ്കില്ലെങ്കിൽ സി.പി.എം നേതാക്കൾ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയത്. സിദ്ധാർത്ഥിന്റെ മരണം ഡി.ഐ.ജി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ അദ്ധ്യക്ഷൻ ആയിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ, കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷി, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ്, എ.ഐ.സി.സി അംഗം പി. കെ. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെ നടന്ന മാർച്ച് അക്രമാസക്തമായി. മാർച്ച് കോളേജിന്റെ രണ്ടാം ഗേറ്റിൽ പൊലീസ് തടഞ്ഞു. അമ്പതോളം പ്രവർത്തകർ മറ്റൊരു ചെറിയ ഗേറ്റ് ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചു. സുരക്ഷാ ജീവനക്കാരൻ സമരക്കാരുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. കെ.എസ്.യു ജില്ലാ ഉപാദ്ധ്യക്ഷ മെൻ എലിസബത്തിന് പരിക്കേറ്റു. വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച സർവകലാശാലയുടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനമേറ്റു. ഇയാളുടെ ക്യാമറയും തകർത്തു. പൊലീസ് ലാത്തിവീശി. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.