ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ഇഷാനെ വിളിച്ചെങ്കിലും നിരസിച്ചു

Sunday 03 March 2024 3:08 AM IST

മുംബയ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇഷാൻ കിഷനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബി.സി.സി.ഐ ശ്രമിച്ചിരുന്നുവെന്നും എന്നാൽ താരം അത് നിരസിച്ചെന്നും റിപ്പോർട്ട്. ഇഷാൻ തിരിച്ചെത്താൻ തയ്യാറാകാതിരുന്നതിനാലാണ് ധ്രുവ് ജുറലിന് ഇന്ത്യൻ ടീമിലേക്ക് വഴിതെളിഞ്ഞതെന്നുമാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തത്. ഇന്ത്യൻ ടീമിൽ കളിക്കാൻ താൻ തയ്യാറായിട്ടില്ലെന്നും ഇനിയും സമയമാവശ്യമാണെന്നുമാണ് ഇഷാൻ പറഞ്ഞതെന്നാണ് വിവരം. കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച ധ്രുവ് ജുറൽ നാലാം ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ചാവുകയും ടീമിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇഷാൻ ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്തത്. ടീമിനൊപ്പം നിരന്തരം ഉള്ള യാത്രകളും വല്ലപ്പോഴും മാത്രം അവസരം കിട്ടുന്നതും തന്നെ തളർത്തിയെന്നാണ് ഇഷാൻ ചൂണ്ടിക്കാട്ടിയത്. തുടർന്ന് സംസ്ഥാനടീമായ ജാർഖണ്ഡിനൊപ്പം ആഭ്യന്തരക്രിക്കറ്റിൽ കളിക്കണനമെന്നുളള നിർദ്ദേശം തള്ളി ഇഷാൻ ഐ.പി.എല്ലിനു മുന്നോടിയായി ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം പരിശീലനം നടത്തിയതും വിദേശത്ത് അവധിയാഘോഷിക്കാൻ പോയതും ബി.സി.സി.ഐയെ ചൊടിപ്പിച്ചു. തുടർന്ന് ബി.സി.സി.ഐയുടെ വാർഷിക കരാറിൽ നിന്ന് ഇഷാനെ ഒഴിവാക്കുകയും ചെയ്തു. ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം രഞ്ജി കളിക്കാൻ വിസമ്മതിച്ച ശ്രേയസ് അയ്യരേയും വാർഷിക കരാറിൽ നിന്ന് ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു. ശ്രേയസ് നിലവിൽ മുംബയ്‌ക്കൊപ്പം രഞ്ജി ട്രോഫി സെമിയിൽ കളിക്കുന്നുണ്ട്. ഇഷാൻ ഡിവൈ പാട്ടീൽ ട്വന്റി-20 ടൂർണമെന്റിൽ ജാർഖണ്ഡിനായി കളിക്കുമെന്നാണ് വിവരം.

Advertisement
Advertisement