മുഖാമുഖത്തിന് ഇന്ന് സമാപനം; മുഖ്യമന്ത്രി കൊച്ചിയിൽ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി സംവദിക്കും
കൊച്ചി: കേരളത്തിൽ വിവിധ വേദികളിലായി നടന്നുവരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിയുടെ സമാപനം ഇന്ന്. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിയോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയാകും. ടി ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽ കുമാർ എന്നിവരും മുഖ്യാതിഥികളായി പങ്കെടുക്കും. പിണറായി വിജയൻ ഇന്ന് 50 റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായാണ് സംവദിക്കുന്നത്. ബാക്കിയുളളവർക്ക് നിർദ്ദേശങ്ങൾ എഴുതി നൽകാവുന്നതാണ്. ടെലിവിഷൻ അവതാരകനായ ജി എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയിൽ 2000ൽ അധികം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും. രാവിലെ എട്ട് മണിയോടുകൂടി പരിപാടിയിൽ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
കേരള സർക്കാരിന്റെ നവകേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടി കഴിഞ്ഞ മാസം 18ന് കോഴിക്കോട് വച്ചാണ് ആരംഭിച്ചത്. കാർഷിക മേഖലയിലുള്ളവർ, മറ്റ് തൊഴിലാളികൾ, വനിതാ പ്രതിനിധികൾ, യുവജനങ്ങൾ തുടങ്ങിവരുമായും മുഖ്യമന്ത്രി മുഖാമുഖത്തിലൂടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നേരിട്ട് സംവദിച്ചു.