ഒടുവിൽ നടപടിയെടുത്ത് സർക്കാർ; ഡീനിനെയും  അസിസ്റ്റന്റ്  വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

Sunday 03 March 2024 12:41 PM IST

കൊല്ലം: പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നടപടിയുമായി സർക്കാർ. ഡീൻ എം കെ നാരായണനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ‌ ജെ ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

'വാർഡൻ എന്ന നിലയിൽ ഹോസ്റ്റലിൽ ഉണ്ടായിരിക്കണം, ജീവനക്കാരുടെ കുറവിനെക്കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ സ്വന്തം ചുമതല നിർവഹിക്കണം. ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല'- മന്ത്രി പ്രതികരിച്ചു. ഹോസ്റ്റലിൽ സിസിടിവി ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

അതേസമയം, ഹോസ്റ്റലിൽ റസിഡന്റ് ട്യൂറ്ററാണ് താമസിക്കേണ്ടതെന്നായിരുന്നു സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ ഡീൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ലെന്നും തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.