റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കം; വിദ്യാർത്ഥിയെ 25ഓളം എസ്‌എഫ്‌ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി

Sunday 03 March 2024 1:06 PM IST

കോഴിക്കോട്: വിദ്യാർത്ഥിയെ ഇരുപത്തിയഞ്ചോളം എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൊയിലാണ്ടി ആർ ശങ്ക‌ർ എസ് എൻ ഡി പി കോളേജ് രണ്ടാം വ‌ർഷ വിദ്യാർത്ഥി സി ആർ അമലിനാണ് മർദ്ദനമേറ്റത്. തലയിലും മുഖത്തും അടക്കം മർദ്ദനമേറ്റു. റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് അമൽ പറയുന്നു.

കഴി‌ഞ്ഞ വെള്ളിയാഴ്‌‌ചയായിരുന്നു സംഭവം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറഞ്ഞു. കോളേജിന് പുറത്തുള്ള ഒരു വീടിന്റെ മുന്നിൽവച്ചായിരുന്നു അമലിനെ മർദ്ദിച്ചത്. അമലിനൊപ്പം രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ടതിനുശേഷം അമലിനെ തടഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നു.

മുഖത്തും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അമലിനെ എസ് എഫ് ഐ പ്രവർത്തകർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റതെന്നാണ് ഇവർ ആശുപത്രിയിൽ അറിയിച്ചത്. വീട്ടിലെത്തിയതിനുശേഷം മർദ്ദനമേറ്റതാണെന്ന് വിദ്യാർത്ഥി വീട്ടുകാരോട് പറയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഇന്നലെയാണ് പരാതി ലഭിച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും കോളേജ് അധികൃതർ അറിയിച്ചു.