വയലിൻ കച്ചേരിയിൽ ഗംഗ മിന്നും താരം

Monday 04 March 2024 4:16 AM IST

മലപ്പുറം: ഗുരുവായൂർ ക്ഷേത്രത്തിലെ വേദിയിൽ വയലിൻ കച്ചേരി നടക്കുമ്പോഴെല്ലാം കാണികളിലൊരാളായി അമ്മയ്ക്കൊപ്പം ഒന്നരവയസുകാരി ഗംഗയുണ്ടാകും. കച്ചേരി തീരുംവരെ എഴുന്നേൽക്കില്ല. ആ ഒന്നര വയസുകാരിക്ക് ഇപ്പോൾ പത്ത് വയസ്. വർഷങ്ങൾക്കിപ്പുറം അതേ വേദിയിൽ വയലിനിൽ മാന്ത്രികത തീർത്ത് ഗംഗ ശശിധരൻ മിന്നും താരമായി. കേരളത്തിൽ പല സ്ഥലങ്ങളിലും ഹൈദരാബാദിലുമടക്കം കച്ചേരി നടത്തി. ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ക്ഷണമുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ നവംബറിൽ നടത്തിയ ജുഗൽബന്ദി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഗംഗ താരമായത്. ഡിസംബറിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ വൈക്കത്തഷ്ഠമിക്ക് നടത്തിയ കച്ചേരിയും വൈറലായി. സ്വകാര്യ ചാനലുകളിലെ പരിപാടികളിൽ അതിഥിയായും പങ്കെടുത്തു. യൂ ട്യൂബുകളിലടക്കം ഹിറ്റാണ് ഇപ്പോൾ ഗംഗയുടെ വയലിൻ കച്ചേരി.

മലപ്പുറം വെളിയങ്കോട് കുമ്മിൽ കെ.എം.ശശിധരന്റെയും ഗുരുവായൂർ പടിഞ്ഞാറേനട നാകേരിൽ കൃഷ്‌ണവേണിയുടെയും മകളാണ് അയിരൂർ എ.യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഗംഗ. തോടിയാണ് ഇഷ്ടരാഗം. നൃത്തവും അഭ്യസിക്കുന്നുണ്ട്. അമ്മ കൃഷ്‌ണവേണിയും വയലിൻ പഠിച്ചിട്ടുണ്ട്. പിതാവ് ശശിധരന് ദുബായിലാണ് ജോലി.

ദിവസം രണ്ടുമണിക്കൂർ പരിശീലനം

നാലര വയസിൽ വയലിൻ പഠിക്കാനാരംഭിച്ചു. ഏഴുവയസ് മുതൽ വേദികളിൽ വായിച്ച് തുടങ്ങി.

രാവിലെ 5.30ന് ആരംഭിക്കുന്ന പരിശീലനം രണ്ടു മണിക്കൂർ നീളും. വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനെ ഏറെ ഇഷ്ടപ്പെടുന്ന ഗംഗ അദ്ദേഹം മരിച്ചതിന് പിറ്റേന്നാണ് വയലിൻ പഠിക്കണമെന്ന് പറഞ്ഞത്. ഗുരുവായൂരിലെ രാധിക ടീച്ചറായിരുന്നു ആദ്യ ഗുരു. തുടർന്ന്, തൃശൂർ ആകാശവാണിയിലെ വയലിൻ സ്റ്റാഫ് ആർട്ടിസ്റ്റ് സി.എസ്.അനുരൂപിന്റെ കീഴിലായി പരിശീലനം. ആദ്യമായി വയലിൻ വായിക്കുന്ന സമയത്ത് കൈമുറിഞ്ഞ് ചോര വരുന്നത് കണ്ട് പേടിക്കേണ്ടെന്ന് ടീച്ചർ പറഞ്ഞു. പേടിയില്ല, പഠിക്കണമെന്നേയുള്ളൂ എന്നായിരുന്നു ഗംഗയുടെ മറുപടി.

Advertisement
Advertisement