ക്വാർട്ടറിൽ കേരളം നാളെ മിസോറാമിനോട്

Sunday 03 March 2024 10:45 PM IST

ഇറ്റാനഗർ : 77-ാമത് സന്തോഷ്ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചയ്ക്ക് 2.30ന് തുടങ്ങുന്ന ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ മുൻചാമ്പ്യന്മാരായ സർവീസസും റെയിൽവേയ്സും ഏറ്റുമുട്ടും. രാത്രി ഏഴിന് ഗോവയും ഡൽഹിയും തമ്മിലാണ് ഇന്നത്തെ രണ്ടാം ക്വാർട്ടർ ഫൈനൽ. നാളെ രാത്രി ഏഴിന് മിസോറാമുമായാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരം. നാളെ ഉച്ചയ്ക്ക് 2.30ന് മണിപ്പൂരും അസാമും തമ്മിലുള്ള ക്വാർട്ടർ ഫൈനലും നടക്കും.

ഗ്രൂപ്പ് എയിലെ അഞ്ചുമത്സരങ്ങളിൽ രണ്ട് വിജയവും രണ്ട് സമനിലകളും ഒരു തോൽവിയുമടക്കം എട്ടുപോയിന്റുകൾ നേടി മൂന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിൽ ഇടം പി‌ടിച്ചത്. ഗ്രൂപ്പ് ബിയിൽ രണ്ട് ജയവും ഒരു സമനിലയും ഉൾപ്പടെ ഏഴുപോയിന്റ് നേടിയ മിസോറാം രണ്ടാം സ്ഥാനക്കാരായാണ് അവസാന എട്ടിലേക്ക് എത്തിയത്. ആദ്യ മത്സരത്തിൽ അസാമിനെ 3-1ന് തോൽപ്പിച്ച കേരളം രണ്ടാം മത്സരത്തിൽ ഗോവയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റിരുന്നു. അടുത്ത മത്സരത്തിൽ മേഘാലയയുമായി 1-1ന് സമനില വഴങ്ങിയതോടെ സമ്മർദ്ദത്തിലായെങ്കിലും ആതിഥയരായ അരുണാചൽ പ്രദേശിനെ 2-0ത്തിന് തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസുമായി 1-1ന് സമനിലയിൽ പിരിയുകയും ചെയ്തു.

ആദ്യ മത്സരങ്ങളിൽ മഹാരാഷ്ട്രയോട് തോൽക്കുകയും കർണാടകയുമായി സമനില പാലിക്കുകയും ചെയ്ത മിസോറാം മൂന്നാം മത്സരത്തിൽ ഡൽഹിക്ക് എതിരെയാണ് ആദ്യ വിജയം നേടിയത്. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ മണിപ്പൂരിനോട് നാലുഗോളുകൾ വഴങ്ങിതോറ്റു. അവസാന മത്സരത്തിൽ റെയിൽവേയ്സിനെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്.

ക്വാർട്ടറിലേക്കുള്ള വഴി

കേരളം

3-1ന് അസാമിനെ തോൽപ്പിച്ചു

0-2ന് ഗോവയോട് തോറ്റു

1-1ന് മേഘാലയയുമായി സമനില

2-0ത്തിന് അരുണാചലിനെ തോൽപ്പിച്ചു

1-1ന് സർവീസസുമായി സമനില

മിസോറാം

1-3ന് മഹാരാഷ്ട്രയോട് തോൽവി

2-2ന് കർണാടകയുമായി സമനില

5-1ന് ഡൽഹിയെ തോൽപ്പിച്ചു

1-4ന് മണിപ്പൂരിനോ‌ട് തോൽവി

4-0ത്തിന് റെയിൽവേയ്സിനെ കീഴടക്കി.

ഇന്നത്തെ ക്വാർട്ടർ ഫൈനലുകൾ

സർവീസസ് Vs റെയിൽവേയ്സ്

(2.30 pm മുതൽ)

ഗോവ Vs ഡൽഹി

( 7 pm മുതൽ )

Advertisement
Advertisement