നാടോടികുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

Monday 04 March 2024 4:01 AM IST

#ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച

കേസിൽ ജാമ്യത്തിലായിരിക്കേ പരാക്രമം

തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം ഉറങ്ങിക്കിടന്ന രണ്ടു വയസുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി 13-ാംനാൾ പിടിയിൽ. ക്രിമിനൽകേസുകളിൽ പ്രതിയും വർക്കല അയിരൂർ സ്വദേശിയുമായ ഹസൻകുട്ടി എന്ന കബീറിനെ (52) ഇന്നലെ പുലർച്ചെ കൊല്ലം ചിന്നക്കടയിൽ വച്ച് തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘമാണ് പിടികൂടിയത്.

2022 ജനുവരിയിൽ അയിരൂരിൽ 11വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഈ ജനുവരി 12നാണ് ജാമ്യത്തിലിറങ്ങിയത്. സി.സി ടിവി ദൃശ്യങ്ങളും ജയിലിൽ നിന്നു ലഭിച്ച സൂചനകളുമാണ് പ്രതിയെ പിടികൂടാൻ തുണയായത്. വാഹന മോഷണം, ഭവന ഭേദനം അടക്കം എട്ട് കേസുകളിൽ പ്രതിയാണ്. സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റെയും തുടർന്ന് എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാറിന്റെയും നേതൃത്വത്തിൽ 10 മണിക്കൂർ ചോദ്യം ചെയ്തശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

വധശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഫെബ്രുവരി 19നാണ് ഓൾസെയിൻസ് കോളേജിന് സമീപം മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. 19 മണിക്കൂർ നീണ്ട തെരച്ചിലിൽ കൊച്ചുവേളി റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

പീഡനശ്രമത്തിനിടെ കുട്ടി

മരിച്ചെന്നുകരുതി ഉപേക്ഷിച്ചു

19ന് രാത്രി 10.30ഓടെ ട്രെയിനിലാണ് പ്രതി പേട്ടയിലെത്തിയത്. ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് ബ്രഹ്മോസിന് സമീപം ഇറങ്ങി. കടയിൽ നിന്ന് കരിക്ക് കുടിക്കുന്നതിനിടയിലാണ് രണ്ടുവയസുകാരി ശ്രദ്ധയിൽപ്പെടുന്നത്. നിരീക്ഷിച്ചശേഷം രാത്രി 12നും ഒരു മണിക്കുമിടയിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. റെയിൽവേ പാളത്തിന് സമീപത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി നിലവിളിച്ചപ്പോൾ വായയും മൂക്കും പൊത്തിപിടിച്ചു. കുട്ടി ബോധരഹിതയായി. മരിച്ചെന്ന് കരുതി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ട്രെയിനിൽ പളനിയിലേക്ക് പോയി തലമൊട്ടയടിച്ചു. മടങ്ങിയെത്തിയശേഷം ആലുവയിലും കൊല്ലത്തും ചുറ്റിതിരിയുകയായിരുന്നു.

Advertisement
Advertisement