കച്ച കെട്ടി പോരാളികൾ- തലസ്ഥാനം അങ്കച്ചൂടിൽ

Monday 04 March 2024 12:17 AM IST

തിരുവനന്തപുരം: മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കച്ചകെട്ടി ഇറങ്ങിയതോടെ സംസ്ഥാനത്തെ വി.ഐ.പി മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് കളം മുറുകി. ഔദ്യോഗികമായി പ്രഖ്യാപനം വരുംമുമ്പ് കൈപ്പത്തി ചിഹ്നത്തിൽ ശശിതരൂർ എത്തുമെന്ന് ഉറപ്പായിരുന്നു. സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തരൂരിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പാക്കുകയും ചെയ്തു.

പലവിധ അഭ്യൂഹങ്ങൾക്കൊടുവിൽ പന്ന്യൻ രവീന്ദ്രന്റെ പേരു പ്രഖ്യാപിച്ച് ഇടതു മുന്നണിയും മത്സര രംഗം കൊഴുപ്പിച്ചു. പലപേരുകളിലൂടെ ചുറ്റിത്തിരിഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥിത്വം രാജീവ് ചന്ദ്രശേഖറിലേക്ക് എത്തിയതോടെ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിന്റെ മത്സരചിത്രം തെളിഞ്ഞു.. തരൂരും പന്ന്യനും കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി. ഇനി രാജീവ് ചന്ദ്രശേഖറിന് ഇവർക്കൊപ്പമെത്തണം.. നഗരത്തിലെ എല്ലാ മുക്കും മൂലയും സ്ഥാനാർത്ഥികളുടെ ചുവരെഴുത്ത് കൊണ്ട് നിറഞ്ഞു. ബഹുവർണ പോസ്റ്രറുകൾക്കും പഞ്ഞമില്ല. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്ന് പ്രചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിച്ചേക്കും.

ഇടതു മുന്നണിയുടെ ഔദ്യോഗിക പ്രചാരണ പരിപാടികളും വൈകാതെ തുടങ്ങും. ഈ ഇടവേളയിൽ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. നിലവിലെ എം.പി ശശിതരൂരിന് ആമുഖത്തിന്റെ ആവശ്യമില്ല. മുൻ എം.പി കൂടി പന്ന്യൻരവീന്ദ്രനും തലസ്ഥാന നഗരവാസികൾക്ക് സുപരിചിതനാണ്. ദേശീയ രാഷ്ട്രീയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രാജീവ് ചന്ദ്രശേഖർ സമീപകാലത്തായി തിരുവനന്തപുരത്ത് പല പൊതുപരിപാടികളിലൂടെയും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. അത്യന്തം വാശിയേറിയ മത്സരത്തിലേക്കാണ് തിരുവനന്തപുരം മുന്നേറുന്നത്. ദേശീയ നേതാക്കളടക്കമുള്ള പ്രമുഖർ അടുത്തയാഴ്ചയോടെ പ്രചാരണത്തിന് എത്തും.