അർഹതപ്പെട്ടത് ചോദിക്കുന്നത് അവകാശം: ശശി തരൂർ
തിരുവനന്തപുരം: ആനുകൂല്യങ്ങൾ ഭരണകൂടത്തോട് ചോദിക്കുന്നത് ഔദാര്യമല്ല, അവകാശമാണെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. കേരള മൺപാത്രനിർമ്മാണ സമുദായ സഭയുടെ (കെ.എം.എസ്.എസ്) 17-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം പേട്ട പഞ്ചമി ദേവീ ക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ കരകൗശല സംസ്കാരത്തിൽ ഒന്നാമത്തേതാണ് കളിമൺപാത്ര നിർമ്മാണം. അത് സംരക്ഷിക്കാൻ സർക്കാരിനൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറ്ററിനറി വിദ്യാർത്ഥിയും സമുദായംഗവുമായ സിദ്ധാർത്ഥന്റെ ദാരുണമരണത്തിൽ ജ്യുഡിഷ്യൽ അന്വേഷണം വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. കവി മുരുകൻ കാട്ടാക്കട, എഴുത്തുകാരി ബിന്ദു, ഡോ. പി.കെ.ശ്രീനിവാസൻ, പട്ടം സനിത്ത്, രാജേഷ് പാലങ്ങാട്ട്, സി.കെ.ചന്ദ്രൻ, ഡി.ശശിധരൻ എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 11ന് പുത്തരിക്കണ്ടം മൈതാനത്ത് സമ്മേളനം ആരംഭിക്കും. വൈകിട്ട് 3നു മ്യൂസിയം ജംഗ്ഷനിൽ നിന്നു പ്രകടനം സംഘടിപ്പിക്കും. 5നു പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, എം.വിൻസെന്റ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, മുൻ എം.പി കെ.സോമപ്രസാദ്, മുൻ എം.എൽ.എ വി.ദിനകരൻ എന്നിവർ പങ്കെടുക്കും.