ശമ്പളമോ പെൻഷനോ മുടങ്ങില്ല, ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല; ഒറ്റയടിക്ക് പണം പിൻവലിക്കാനാകില്ലെന്ന് മന്ത്രി

Monday 04 March 2024 11:20 AM IST

തിരുവനന്തപുരം: ശമ്പളമോ പെൻഷനോ മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്ക് ഇന്ന് മുതൽ ശമ്പളം ലഭിച്ചുതുടങ്ങും. രണ്ട്, മൂന്ന് ദിവസത്തിനകം ശമ്പളം കൊടുത്തുതീർക്കുമെന്നും സാമ്പത്തിക സ്ഥിതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളം ഒറ്റയടിക്ക് പിൻവലിക്കാനാകില്ല. ട്രഷറിയിൽ നിയന്ത്രണമുണ്ട്. 50,000രൂപ എന്ന നിയന്ത്രണം ഉണ്ടാകും. ശമ്പളത്തിന് മാത്രമല്ല പെൻഷനും ഇത് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ഒരുമിച്ച് പിൻവലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം ഒഴിവാക്കാനാണിതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

'ശമ്പളത്തിന്റെ കാര്യം ഉറപ്പാക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ഇവിടെ പറയാതിരിക്കാനാകില്ല. സംസ്ഥാനത്തെ യു ഡി എഫിന്റെ അനുകൂല സംഘടനകൾ ഒരവസരം കിട്ടിയെന്ന നിലയിൽ സമരം പ്രഖ്യാപിച്ചു. നിരാഹാരം ഉണ്ടെന്നൊക്കെ പറയുന്നു. നിരാഹാരം ഉണ്ടോയെന്ന് എനിക്കറിയില്ല. ബി ജെ പിയുടെ എൻജിഒ സംഘ് പറയുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ് ഇവിടെ നടക്കുന്നതെന്നും അതിനാൽ ശക്തമായി പ്രതിഷേധിക്കുമെന്നുമാണ്. ബി ജെ പി എന്നുപറയുന്ന രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പിന് ഇവിടെ മത്സരിക്കാൻ പാടുണ്ടോയെന്ന് ജനങ്ങൾ ചോദിക്കേണ്ടതാണ്. കാരണം, കേരളത്തിന് തരാനുള്ള പണം മുഴുവൻ തടഞ്ഞുവച്ചിട്ട് അതിന്റെ പേരിൽ ന്യായം പറയുകയാണ്. ഞാനിത് വെറുതെ പറയുന്നതല്ല. നമുക്ക് കിട്ടാനുള്ള 57,400 കോടി രൂപയുടെ കണക്ക് അസംബ്ലിയിൽ ഞങ്ങൾ പറഞ്ഞിട്ടുണ്ട്.'- മന്ത്രി വ്യക്തമാക്കി.