കാത്തിരിക്കേണ്ടത് നാല് മാസം, കൊല്ലം റെയിൽവെ സ്റ്റേഷൻ ഇനി വിമാനത്താവളത്തേക്കാൾ സൂപ്പറാകും

Monday 04 March 2024 2:29 PM IST

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ് (എം.എൽ.സി.പി) സംവിധാനം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ റെയിൽവേ അധികൃതർ. ഓരോ മാസവും ഓരോ നിലകളുടെയും ജോലികൾ പൂർത്തിയാക്കുന്ന രീതിയിലാണ് നിർമ്മാണം. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ അഞ്ച് നിലകളാണുള്ളത്.

ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം പൂർത്തിയായി. ഒന്നാം നിലയിലെ റാമ്പിന്റെ പണികളും കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യും. ബാക്കി മൂന്ന് നിലകളുടെ നി‌ർമ്മാണവും സമയബന്ധിതമായി പൂ‌ർത്തിയാക്കും.

സമുച്ചയത്തിൽ രണ്ട് ലിഫ്ടുകളാണ് ഒരുക്കുക. ഒരേ സമയം 239 ബൈക്കുകൾക്കും 150 കാറുകൾക്കും സുഗമമായി പാർക്ക് ചെയ്യാൻ കഴിയും. എം.എൽ.സി.പിയുടെ പണി പൂർത്തിയാകുന്നതോടെ പാർക്കിംഗ് പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.


വിമാനത്താവളങ്ങൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിൽ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നത് റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനിയറിംഗും (റൈറ്റ്സ്) ബംഗുളൂരു ആസ്ഥാനമായ സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ്. കരാർ പ്രകാരം 2026 ജനുവരി 21നാണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടത്.

അതിവേഗം നിർമ്മാണ പുരോഗതി

 സർവീസ് കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ

 സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസ് നിർമ്മാണവും പൂർത്തിയാകുന്നു

 എയർ കോൺകോഴ്സ് നിർമ്മാണം ആരംഭിച്ചു

 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും യോജിപ്പിക്കുന്നതും എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്നതുമാണ് എയർ കോൺകോഴ്‌സ്. നാലുവീതം എസ്‌കലേറ്ററുകളും ലിഫ്ടുകളും സ്ഥാപിക്കും

 ഗാംഗ് റെസ്റ്റ് റൂം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു

 തെക്ക് ഭാഗത്തെ ടെർമിനലിലെ ടെസ്റ്റ് പൈലിംഗ് പൂ‌ർത്തിയായി

പദ്ധതി തുക ₹ 361.18 കോടി

കരാർ നൽകിയത് - 2022 ൽ

കലാവധി - 39 മാസം

കെട്ടിടം - 27,500 സ്ക്വയർ ഫീറ്റ്

നിർമ്മാണം തീരുന്നതിനനുസരിച്ച് പ്രധാന കെട്ടിടത്തിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനുശേഷം ഘട്ടം ഘട്ടമായി പ്രധാനകെട്ടിടം പൊളിച്ച് നിർമ്മിക്കും.

റെയിൽവേ അധികൃതർ

Advertisement
Advertisement