'തൃശൂരിലേത്  യുദ്ധമല്ല,  പോരാട്ടമാണ്'; സ്ഥാനാർത്ഥി  പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശൂരിലെത്തി സുരേഷ് ഗോപി, വൻ സ്വീകരണം

Monday 04 March 2024 8:15 PM IST

തൃശൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയിൽ ഗംഭീര വരവേൽപാണ് സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ നൽകിയത്. 'തൃശൂരിലേത് യുദ്ധമല്ല, പോരാട്ടമാണ്' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

പ്രവർത്തകരുടെ സ്വീകരണം ആവേശകരമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബെെക്ക് റാലിയുടെ അകമ്പടിയോടെയാണ് സുരേഷ് ഗോപി സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. നാളെ മുതൽ പലയിടങ്ങളിലായി റോഡ് ഷോയോടെ പ്രചരണം നടത്താനാണ് ബിജെപി തീരുമാനം.

തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയായിരിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. മുൻപ് തന്നെ ചുവഴെഴുത്തും പ്രചരണവും നടന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായ സ്ഥാനാർത്ഥി പട്ടിക ബിജെപി ഇറക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ശേഷം ആദ്യമായി തൃശൂരിൽ എത്തുകയായിരുന്നു സുരേഷ് ഗോപി.