കുഴൽനാടനും ഷിയാസും അറസ്റ്റിൽ, സംഘർഷം

Tuesday 05 March 2024 1:18 AM IST

കോതമംഗലം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും ഉൾപ്പെടെ 15ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11ഓടെ ഉപവാസ സമരം തുടങ്ങിയ വേദിയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാത്യു കുഴൽനാടനെ വൈദ്യപരിശോധനയ്ക്കായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഗതാഗത തടസമുണ്ടാക്കിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇന്നലെ രാത്രി കേസെടുത്തിരുന്നു.

അറസ്റ്റ് ചെറുക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തി പ്രയോഗവും ഉണ്ടായി. ഇതിനിടെ ഒരു പൊലീസ് ജീപ്പും തല്ലി തകർത്തു.

13 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇന്നലെ രാത്രി 11ഓടെ കസ്റ്റഡിയിലെടുത്തിരുന്നു.

കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കനത്ത സുരക്ഷയിലാണ് കോതമംഗലം നഗരം. പത്തോളം ബസുകളിൽ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.

ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ തുടങ്ങിയവരെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisement
Advertisement