കിരീടം സമർപ്പിച്ചത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കാര്യം; വിവാദമാക്കേണ്ടെന്ന് കെ മുരളീധരൻ

Tuesday 05 March 2024 11:28 AM IST

കോഴിക്കോട്: നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടവുമായി ബന്ധപ്പെടുള്ള വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപിയുടെ വ്യക്തിപരമായ കാര്യമാണതെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം, തൃശൂരിൽ ജയിച്ചാൽ പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും അതിൽ വൈരക്കല്ലുണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടം തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കഴി‌ഞ്ഞ ദിവസം സുരേഷ് ഗോപി തൃശൂരിലെത്തിയിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി വി എസ് സുനിൽകുമാർ നേരത്തെ തന്നെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇനി യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം കൂടി വന്നാൽ തൃശൂർ തീപാറും പോരാട്ടത്തിന് വേദിയാകും.