ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എലോൺ മസ്‌കിന് രണ്ടാം സ്ഥാനം; ഒന്നാം സ്ഥാനം സ്വന്തമാക്കി ആമസോൺ സ്ഥാപകൻ

Tuesday 05 March 2024 11:55 AM IST

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എലോൺ മസ്‌ക്. തിങ്കളാഴ്ച ടെസ്‌വ ഇൻകോർപ്പറേറ്റിലെ ഓഹരികൾ 7.2 ശതമാനമായി ഇടിഞ്ഞതിനെത്തുടർന്നാണ് മസ്കിന് ഒന്നാം സ്ഥാനം നഷ്ടമായത്. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇപ്പോൾ 60കാരനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് ആണ് ലോകത്തിലെ സമ്പന്നരിൽ ഒന്നാമൻ.

മസ്കിന്റെ ഇപ്പോഴത്തെ ആസ്തി 197.7 ബില്യൺ ഡോളറാണ്. ജെഫ് ബെസോസിന്റെ ആസ്തി 200.3 ബില്യൺ ഡോളറുമാണ്. 2021ന് ശേഷം ഇതാദ്യമായാണ് ആമസോണിന്റെ സ്ഥാപകനായ ജെഫ് ബ്ലൂംബെർഗിന്റെ ധനികരുടെ പട്ടികയിൽ ഒന്നാമത്തെത്തുന്നത്.

ആമസോണിന്റെയും ടെസ്‌ലയുടെയും ഓഹരികൾ തമ്മിൽ ഒരു ഘട്ടത്തിൽ 142 ബില്യൺ ഡോളറിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അമേരിക്കൻ ഇക്വിറ്റി മാർക്കറ്റിനെ മുന്നോട്ട് നയിക്കുന്ന പ്രധാന സ്റ്റോക്കുകളിൽ ഇവ രണ്ടും ഉൾപ്പെട്ടിരുന്നു. 2022ന്റെ അവസാനത്തോടെ ആമസോൺ ഓഹരികളുടെ മൂല്യം ഇരട്ടിയായി. എന്നാൽ ടെസ്‌ല അതിന്റെ 2021ലെ ഉയർച്ചയിൽ നിന്ന് 50ശതമാനമാണ് പിന്നോട്ട് പോയിരിക്കുന്നത്. ഷാംഗ്ഹായിലെ ഫാക്ടറിയിൽ നിന്നുള്ള കയറ്റുമതി താഴ്ന്നതാണ് ടെസ്‌ലയിലെ ഓഹരി ഇടിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.