ദുബായിൽ വെക്കേഷൻ ആഘോഷിക്കാൻ ഒരുങ്ങുന്നവരും പ്രവാസികളും ഇനി ഇക്കാര്യത്തിൽ ടെൻഷനടിക്കേണ്ട, മിനിട്ടുകൾക്കുള്ളിൽ കയ്യിലെത്തും

Tuesday 05 March 2024 12:26 PM IST

അബുദാബി: കുട്ടികളുടെ വെക്കേഷൻ കാലമെത്താറായി. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ പ്ളാൻ ചെയ്യുന്നവർ നമ്മുടെ കൂട്ടത്തിലുണ്ടാവും. ഗ‌ൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന, അവിടെ സ്ഥിരതാമസമാക്കിയ ഇന്ത്യൻ പ്രവാസികളും ധാരാളമുണ്ട്. ദുബായിലേയ്ക്ക് പോകാനിരിക്കുന്നവരും അവിടെ ജോലി ചെയ്യുന്ന പ്രവാസികളും അറിയേണ്ട ഒരു കാര്യമാണ് അവിടെവച്ച് നമ്മുടെ എന്തെങ്കിലും വസ്‌തുക്കൾ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്നും ആരെയാണ് സമീപിക്കേണ്ടതെന്നും.

മറ്റൊരു രാജ്യത്തേയ്ക്ക് പോയി അവിടെവച്ച് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലുമാകില്ല അല്ലേ? മൊബൈൽ ഫോണോ, പഴ്‌സോ, പാസ്‌പോർട്ടോ, വിലപ്പിടിപ്പുള്ള ആഭരണങ്ങളോ മറ്റോ നഷ്ടപ്പെട്ടാൽ വലിയ സമ്മ‌ർദ്ദമാകും അനുഭവിക്കേണ്ടി വരിക. എന്നാലിപ്പോൾ നഷ്ടപ്പെട്ട വസ്‌തുക്കൾ റിപ്പോർട്ട് ചെയ്യാൻ വളരെ കാര്യക്ഷമവും സൗകര്യപ്രദവുമായ മാർഗങ്ങൾ യുഎഇയിലെ ജനങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ് ദുബായ് പൊലീസ്.

നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താൻ എങ്ങനെ അപേക്ഷ നൽകാം?

  • ഐഒഎസ്, ആൻഡ്രോയ്‌ഡ് ഫോണുകളിലും പിസികളിലും ലഭ്യമാകുന്ന ദുബായ് പൊലീസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ആപ്പിലെ സ്‌ക്രീനിന്റെ താഴെയായി കാണുന്ന 'സർവീസസ്' എന്ന ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യുക. ഇതിലെ 'ലോസ്റ്റ് സർട്ടിഫിക്കറ്റ്' തിരഞ്ഞെടുക്കുക.
  • അടുത്തതായി ഇതിൽ കാണുന്ന ഒരു ഫോമിൽ അവശ്യ വിവരങ്ങൾ പൂരിപ്പിക്കുക. എമിറേറ്റ്‌സ് ഐഡി, ഇമെയിൽ അഡ്രസ്, പാസ്‌പോർട്ട് നമ്പർ, ജനനതീയതി, നാഷണാലിറ്റി എന്നിവ നൽകണം.
  • ഇനി എന്ത് വസ്തുവാണ് നഷ്ടപ്പെട്ടതെന്ന് മെനുവിൽ നിന്ന് തിരഞ്ഞെടുക്കണം. നഷ്ടപ്പെട്ട വസ്തുവിന്റെ ചിത്രമുണ്ടെങ്കിൽ അതും അപ്‌ലോഡ് ചെയ്യാം.
  • അടുത്തതായി 'ലോസ്റ്റ് ഡേറ്റ് ആന്റ് ടൈം' സെലക്റ്റ് ചെയ്ത് എപ്പോൾ എവിടെവച്ച് ഏത് സമയം നഷ്ടപ്പെട്ടുവെന്ന് രേഖപ്പെടുത്തണം. സ്ഥലത്തെക്കുറിച്ച് ചെറിയ വിവരണവും നൽകാം.
  • അവസാനമായി കാപ്‌ച്ച ഇമേജ് തിരഞ്ഞെടുത്ത് ആപ്ളിക്കേഷൻ സമർപ്പിക്കണം. ശേഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുപയോഗിച്ച് സർവീസ് ഫീസ് അടക്കയ്ക്കണം. പരാതി സമർപ്പിച്ചതിന്റെ സർട്ടിഫിക്കറ്റും ആപ്ളിക്കേഷൻ ഫീയുടെ റെസീപ്റ്റും ഇമെയിലിലൂടെ ലഭിക്കും.

ചെലവ്

  • സ‌ർവീസ് ഫീ: 50 ദിർഹം
  • നോളഡ്‌ജ് ആന്റ് ഇന്നോവേഷൻ ഫീ: 20 ദി‌ർഹം
  • സ്മാർട്ട് പൊലീസ് സ്റ്റേഷൻ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അഡീഷണൽ ഫീ: 100 ദി‌ർഹം

നഷ്ടപ്പെട്ട സാധങ്ങൾ എപ്പോൾ തിരികെ ലഭിക്കും

സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചുകഴിഞ്ഞാൽ, ദുബായ് പൊലീസിലെ 'ലോസ്റ്റ് ആന്റ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റ്' കേസിന്റെ ഫോളോ അപ്പ് ചെയ്യും. എന്നാൽ നഷ്‌ടപ്പെട്ട വസ്തു എപ്പോൾ തിരികെ ലഭിക്കുമെന്നത് കൃത്യമായി വ്യക്തമാക്കില്ല. അതേസമയം, നഷ്ടപ്പെട്ട സാധനങ്ങൾ അരമണിക്കൂറിനുള്ളിലോ മിനിറ്റുകൾക്കുള്ളിലോ ദുബായ് പൊലീസ് തിരികെ നൽകിയ സംഭവങ്ങളുണ്ട്. സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ വഴിയും നഷ്ടപ്പെട്ട വസ്തുവിനായി അപേക്ഷ നൽകാം. റിപ്പോർട്ട് എങ്ങനെ ഫയൽ ചെയ്യണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ദുബായ് പൊലീസിന്റെ 901 എന്ന നമ്പറിലും ബന്ധപ്പെടാം.