തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ നിന്ന് രാത്രി എത്തും, നേരെ വെളുക്കുന്നതിന് മുമ്പേ പണിതീർത്ത് പോകും; കേരളം വരളുന്നതിന് കാരണം

Tuesday 05 March 2024 1:02 PM IST

കുംഭം പാതിപിന്നിട്ടിട്ടും വേനൽമഴ വ്യാപകമായി പെയ്തില്ല. അതിനിടെ പെട്ടെന്ന് ഉയർന്ന കൊടുംചൂടും. ഭൂർഗഭജലവിതാനം പൊടുന്നനെ താഴ്ന്നതോടെ ജില്ല രൂക്ഷമായ വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും. മലയാേരമേഖലകളിലും തീരമേഖലകളിലും കിണറുകൾ വറ്റിത്തുടങ്ങി. പൈപ്പ് വെള്ളം ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി. ലോറികളിലും മറ്റുമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്നത്. കുടിവെള്ളം എത്തിക്കാൻ സ്വകാര്യ എജൻസികളും വ്യാപകമായി രംഗത്തുണ്ട്.

കുഴൽകിണറുകളും വ്യാപകമാവുകയാണ്.

കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുപോലും നൂറിലധികം ഡ്രില്ലറുകൾ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. കുഴൽ കിണറുകളുടെ എണ്ണം വർദ്ധിക്കുന്നതും രൂക്ഷമായ ജലപ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കുഴൽ കിണറുകൾ മൂലം മണ്ണിന്റെ പ്രതലത്തിൽ നിന്നുള്ള ഉറവകൾ കുറയും. ഭൂരിഭാഗം കുഴൽ കിണറുകളിലും മണ്ണിന്റെ പ്രതലം കഴിഞ്ഞ് പാറകൾ തുരന്നാണ് പൈപ്പിടുന്നത്. ഇതിനാൽ തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം വരെ താഴ്ന്ന് പോകും. ജില്ലാ ഭൂജല വകുപ്പ് ഓഫീസിൽ നിന്ന് അനുമതി വാങ്ങിയശേഷമേ കുഴൽകിണറുകൾ പാടുള്ളൂവെന്നാണ് നിയമമെങ്കിലും ഇതൊന്നും പാലിക്കാറില്ല.

ലോറികളിൽ ഡ്രില്ലറുകളുമായി എത്തുന്നവർ രാത്രിയാണ് കുഴൽക്കിണർ കുഴിക്കുന്നത്. രാവിലെ ആകുമ്പോഴേക്കും പൂർത്തിയാക്കി സ്ഥലം വിടും. തമിഴ്‌നാട്‌ നിന്നുള്ള സംഘങ്ങളാണ് കൂടുതലും വരുന്നത്. ട്രാക്ടർ, ലോറി എന്നിവയിൽ ഘടിപ്പിച്ച യന്ത്രങ്ങളുമായി എത്തിയാണ് കിണർ നിർമ്മാണം. ശരാശരി 250 അടിവരെ കുഴിച്ച് പൈപ്പിടുന്നതിന് 80,000 വരെയാണ് ഈടാക്കാറുള്ളത്.

കണക്കില്ലാത്ത ഉപയോഗം
ഒരാൾക്ക് ഒരു ദിവസം നൂറു ലിറ്റർ വെള്ളം വേണമെന്നതാണ് ശാസ്ത്രീയ രീതി. എന്നാൽ വേനലായതിനാൽ ഇതിന്റെ രണ്ടും മൂന്നും മടങ്ങ് കൂടുതൽ വേണ്ടിവരുന്നുണ്ട്. ജല ഉപഭാേഗത്തിൽ കേരളീയർക്ക് കെെയും കണക്കുമില്ലെന്ന് ചുരുക്കം. ഡാമുകളിൽ ശരാശരിയേക്കാൾ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പ്.

തൃശൂർ നഗരത്തിലും കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. കഴിഞ്ഞദിവസം കോർപറേഷൻ കൗൺസിലിൽ കുടിവെള്ളക്ഷാമത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. ഒരു മാസക്കാലമായി കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ വലയുകയാണെന്നും അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിനൊപ്പം ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുടവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അമൃത് ഫണ്ടിൽ നിന്നും കോടികൾ എടുത്തിട്ടും കുടിവെള്ളം നൽകാൻ കോർപറേഷൻ കഴിഞ്ഞില്ലെന്നാണ് പരാതി.

കരിഞ്ഞൊണങ്ങി കൃഷിയിടങ്ങൾ

മുണ്ടകൻ പാടശേഖരങ്ങളിൽ വെള്ളം കുറഞ്ഞതോടെ നെല്ലിന് വിളവ് കുറഞ്ഞു. വെെക്കോലിന് വിലയിടിഞ്ഞതും തിരിച്ചടിയായി. കൊയ്ത്തിനിടെ നെൽമണികൾ പാടശേഖരങ്ങളിൽ വൻതോതിൽ കൊഴിഞ്ഞു വീണിരുന്നു. തോടുകൾ വറ്റിയതോടെ പുന്നയൂർക്കുളത്ത് കുട്ടാടൻ പാടശേഖരത്തിലെ നെൽക്കൃഷിയും പ്രതിസന്ധിയിലാണ്. തോട്ടിൽ വലിയ കുഴിയെടുത്ത് വെള്ളമൂറ്റിയാണ് കർഷകർ പാടത്തേക്ക് അടിക്കുന്നത്. വേനൽ കനക്കുന്നതോടെ തീരെ വെള്ളം കിട്ടാതെ വരും.

അനധികൃത ജലസംഭരണം മൂലം നെൽക്കൃഷിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ അനധികൃതമായി വെള്ളം ശേഖരിക്കുന്ന പാടശേഖരസമിതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ വ്യക്തമാക്കിയിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ അനധികൃതമായി വെള്ളം സംഭരിക്കുന്നില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിച്ച് സന്ദർശനം നടത്തി ഉറപ്പാക്കണം. ഇത്തരം പാടശേഖര സമിതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത കൃഷി ഓഫീസർമാർക്കെതിരെയും നടപടി സ്വീകരിക്കും.

സാമ്പത്തിക പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജലജീവൻ മിഷൻ പദ്ധതി ഇഴയുകയാണ്. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയുടെ കാലാവധി തീരാൻ ഒരു വർഷം മാത്രം ശേഷിക്കെ 52 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന ശരാശരിയേക്കാൾ താഴ്ന്ന നിലയിലാണ് ജില്ലയിലെ പ്രവർത്തനം. 2019ൽ ആരംഭിച്ചെങ്കിലും ആ വർഷം പദ്ധതിയുമായി മുന്നോട്ട് പോയിരുന്നില്ല. 10 ശതമാനം ഗുണഭോക്താവും ബാക്കിവരുന്ന 90 ശതമാനത്തിൽ പാതി വീതം കേന്ദ്ര- സംസ്ഥാന സർക്കാരുകളും ചെലവ് വഹിക്കുന്നതാണ് പദ്ധതി.

ഒരു കുടുംബത്തിന് ഒരു ദിവസം 55 ലിറ്റർ വെള്ളം എന്ന വിധമായിരുന്നു ജലജീവൻ പദ്ധതി കേന്ദ്ര സർക്കാർ വിഭാവനം ചെയ്തത്. എന്നാൽ സംസ്ഥാന സർക്കാർ നൂറു ലിറ്റർ ജലം എന്നാക്കിയപ്പോൾ ബാക്കി തുക സംസ്ഥാനം കണ്ടെത്തേണ്ട സ്ഥിതിയിലായി. ഭൂരിഭാഗം പഞ്ചായത്തുകളിലും പൈപ്പിട്ട് കണക്ഷൻ നൽകിയെങ്കിലും വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കരാറുകാർക്ക് കുടിശികയുള്ളതിനാൽ ടെൻഡർ എടുക്കാനും ആളില്ലാത്ത സ്ഥിതിയുണ്ട്.

പൈപ്പിടൽ നടക്കുന്നുണ്ടെങ്കിലും വെള്ളം എത്തിക്കുന്നതിനുള്ള പ്ലാന്റുകളുടെ നിർമ്മാണം പലയിടത്തും ആരംഭിച്ചിട്ടില്ല. ദേശംമംഗലം പോലുള്ള പഞ്ചായത്തുകളിൽ ഭാരതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പ്ലാന്റ് നിർമ്മിക്കാനുള്ള സ്ഥലം പോലും കണ്ടെത്താനായില്ല. പീച്ചിയിൽ അമൃത് പദ്ധതി പ്രകാരം പ്ലാന്റ് സ്ഥാപിച്ചതിനാൽ കോർപറേഷൻ പരിധിയിലും സമീപ പ്രദേശങ്ങളിലും വെള്ളമെത്തിക്കാൻ സഹായകമായി. സാമ്പത്തിക പ്രതിസന്ധി മറികടന്ന് പദ്ധതി ലക്ഷ്യം കാണാൻ കാലതാമസമെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ജലജീവൻ മിഷന്റെ ഉടമസ്ഥാവകാശം തദ്ദേശ സ്ഥാപനങ്ങളാണെങ്കിലും നിർവഹണം നടത്തുന്നത് ജല അതോറിറ്റിയാണ്. വേനൽക്കാലമാണ് പൈപ്പിടലിന് ഏറ്റവും അനുയോജ്യമായ സമയം. വർഷകാലത്തും മറ്റും തീരപ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാൻ പ്രയാസകരമാണ്. പദ്ധതി പൂർത്തീകരണം ദേശീയ തലത്തിൽ 74 ശതമാനമാണ്. കേരളത്തിൽ 56 ശതമാനവും തൃശൂരിൽ 52 ശതമാനവുമാണ്. എന്തായാലും ഈ വേനൽ കേരളത്തെ ചെന്നെത്തിക്കുന്നത് ഗുരുതര പ്രതിസന്ധിയിലേക്കാണെന്ന് ചുരുക്കം.

Advertisement
Advertisement