സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി; ക്ഷീര  സംഘം  സഹകരണ ബിൽ  രാഷ്ട്രപതി  തള്ളി

Tuesday 05 March 2024 3:13 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബിൽ രാഷ്ട്രപതി തള്ളി. ഗവർണർ ഒപ്പിടാതെ ഏഴു ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ നാല് എണ്ണം രാഷ്ട്രപതി തള്ളി. ക്ഷീര സംഘം അഡ്മിനിസ്‌ട്രേറ്റർക്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരം നൽകുന്നതായിരുന്നു ബിൽ.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്ക് വോട്ട് ചെയ്യാൻ അധികാരം ലഭിച്ചാൽ ഇതിലൂടെ മിൽമ ഭരണം പിടിക്കാമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ രാഷ്ട്രപതി ബില്ല് തള്ളിയത് വൻ തിരിച്ചടിയായി. സംസ്ഥാന നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ലോകായുക്ത ബില്ലിന് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവ‌ർണറെ നീക്കാനുള്ള ബില്ലും സർവകലാശാല നിയമ ഭേദഗതി ബില്ലും വെെസ് ചാൻസലർമാരെ നിർണയിക്കുന്ന സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലും നേരത്തെ തള്ളിയിരുന്നു. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയക്കുകയായിരുന്നു. ക്ഷീര സംഘം സഹകരണ ബിൽ കൂടി തള്ളിയതോടെ ഇനി രണ്ട് ബില്ലുകളിൽ കൂടിയാണ് രാഷ്ട്രപതിയുടെ തീരുമാനം വരാനുള്ളത്.