കിഴക്ക്, തെക്ക് മേഖലയിലെ യാത്രക്കാർക്ക് കൊച്ചിയിലെത്താൻ മെട്രോ അനുഗ്രഹമാകും

Wednesday 06 March 2024 1:57 AM IST
കൊച്ചിയിലെത്താൻ മെട്രോ അനുഗ്രഹമാകും

കൊച്ചി: രാജനഗരിയായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ എത്തുന്നതോടെ കിഴക്ക്, തെക്ക് മേഖലകളിൽ നിന്നെത്തുന്നവർക്ക് ഗുണമാകും.

വാഹനങ്ങളിലും കോട്ടയം ഭാഗത്തുനിന്ന് ട്രെയിനിലും എത്തുന്നവർക്ക് സുഗമമായി എറണാകുളം നഗരത്തിലെത്താനും മടങ്ങാനുമാണ് വഴിതെളിയുന്നത്. മെട്രോ എത്തിച്ചേരുന്ന റെയിൽവെ സ്റ്റേഷൻ പരിസരത്ത് ബസ് ടെർമിനൽ കൂടി നിർമ്മിച്ചാൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജനമാകും.

എറണാകുളം, കളമശേരി മേഖലകളിൽ ജോലിക്കും ബിസിനസ്, ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി പതിനായിരങ്ങളാണ് തൃപ്പൂണിത്തുറ വഴി സഞ്ചരിക്കുന്നത്. ഗതാഗതക്കുരുക്കിൽ റോഡ് മാർഗം സമയത്ത് എത്തിച്ചേരാൻ കഴിയാതെ ക്ളേശിച്ചിരുന്നു. മെട്രോ എസ്.എൻ. ജംഗ്ഷനിൽ എത്തിയതോടെ അവിടെനിന്ന് മെട്രോയിൽ കയറുന്നവർ വർദ്ധിച്ചിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ, പിറവം മേഖലകളിൽ നിന്ന് ബസുകളിൽ എത്തുന്നവർക്ക് മെട്രോയിൽ കയറാൻ വടക്കേക്കോട്ടയിലോ എസ്.എൻ. ജംഗ്ഷനിലോ വരണമായിരുന്നു. ഇനി തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ സ്റ്റോപ്പിലിറങ്ങി മെട്രോയിൽ കയറാൻ കഴിയും.

തീർത്ഥാടനകേന്ദ്രങ്ങളായ ചോറ്റാനിക്കര, കരിങ്ങാച്ചിറ, പിറവം നാലമ്പലങ്ങൾ, ടൂറിസം കേന്ദ്രങ്ങളായ ഹിൽ പാലസ്, അരീക്കൽ എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവർക്കും മെട്രോ എളുപ്പമാർഗമാകും.

വഴിയിൽ കിടക്കേണ്ട

കോട്ടയം ഭാഗത്തുനിന്ന് രാവിലെയും വൈകിട്ടും ആയിരങ്ങളാണ് ട്രെയിൻ മാർഗം എറണാകുളത്ത് എത്തുകയും മടങ്ങുകയും ചെയ്യുന്നത്. രാവിലെ പാസഞ്ചർ ട്രെയിനുകൾ വൈറ്റിലയ്ക്കും നോർത്ത്, സൗത്ത് സ്റ്റേഷനുകൾക്കുമിടയിൽ പിടിച്ചിടുന്നത് പതിവാണ്. ഒരു മണിക്കൂർ വരെ കിടക്കേണ്ടിവരാറുണ്ട്. സമയത്ത് ഓഫീസുകളിലും മറ്റു ലക്ഷ്യസ്ഥാനങ്ങളിലും എത്താൻ കഴിയാത്തത് പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

കോട്ടയം ഭാഗത്തുനിന്ന് ട്രെയിനിൽ വരുന്നവർക്ക് തൃപ്പൂണിത്തുറയിൽ ഇറങ്ങി മെട്രോയിൽ കയറിയാൽ കുരുക്ക് ഭയക്കാതെ കൊച്ചി നഗരത്തിൽ എത്തിച്ചേരാനും കഴിയും.

ട്രാവൽ ഹബാകണം

തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനും മെട്രോ ടെർമിനലിലും സമീപത്തായി ബസ് ടെർമിനൽ കൂടി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ചില നടപടികൾ ആരംഭിച്ചിരുന്നു. വൈറ്റില മാതൃകയിൽ ട്രാവൽ ഹബ് നിർമ്മിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ഇതിനുള്ള സാദ്ധ്യതകൾ വിലയിരുത്തുകയാണ്. സ്ഥലം ലഭ്യമായാൽ നഗരസഭയും ജി.സി.ഡി.എയും ചേർന്ന് പദ്ധതി നടപ്പാക്കും.

Advertisement
Advertisement