ഉന്നത വിദ്യാഭ്യാസത്തിനുള്ള 700 കോടി കേന്ദ്രം തരും

Wednesday 06 March 2024 12:00 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ഗുണനിലവാരമുയർത്താനുമുള്ള പദ്ധതികൾക്ക് 700 കോടിയുടെ സഹായം കേരളത്തിന് നഷ്ടമാവില്ല.

ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം കാരണം പി.എം-ഉഷയിൽ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) അപേക്ഷ നൽകാൻ കേരളത്തിന് നേരത്തേ അവസരം നൽകിയിരുന്നില്ല. ഇന്നലെ കേരളത്തിനായി പോർട്ടൽ തുറന്നുകൊടുത്തു. സർവകലാശാലകൾ, ഗവ.എയ്ഡഡ് കോളേജുകൾ എന്നിവയ്ക്ക് കേന്ദ്രസഹായത്തിന് അപേക്ഷിക്കാം. കേന്ദ്രനയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാത്തതിനാൽ 700 കോടിയുടെ സഹായം തുലാസിലായെന്ന് 'കേരളകൗമുദി" നവംബർ 24ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയി കേന്ദ്രനയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിട്ട് ഡൽഹിക്കയച്ചു. ഇന്നലെ വൈകിട്ടോടെ അപേക്ഷിക്കാനുള്ള പോർട്ടൽ കേരളത്തിനായി തുറന്നു.

സർവകലാശാലകൾക്ക് 100കോടി വീതവും കോളേജുകൾക്ക് അഞ്ചുകോടി വീതവും കിട്ടുന്ന പദ്ധതിയാണിത്. 60ശതമാനം കേന്ദ്രത്തിന്റെയും 40ശതമാനം സംസ്ഥാനത്തിന്റെയും വിഹിതമാണ്. അദ്ധ്യാപകരുടെ പരിശീലനം, ഗുണനിലവാരം ഉയർത്തൽ, ഗവേഷണം എന്നിവയ്ക്കും പണം കിട്ടും. കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകൾ 100 കോടി വീതം സഹായത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്ലാസ്‌മുറി, ലൈബ്രറി, ലാബ് നിർമ്മിക്കാൻ കോളേജുകൾക്ക് സഹായം കിട്ടും.തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഇവ പരിശോധിച്ച് പണം അനുവദിക്കുക.

ദേശീയ വിദ്യാഭ്യാസ നയം അതേപടി അംഗീകരിക്കില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. നാലു വർഷ ബിരുദത്തിൽ ആദ്യ വർഷം മുതൽ എക്സിറ്റ് അനുവദിച്ചാൽ വിദ്യാർത്ഥികളില്ലാതെ കോളേജുകൾ പൂട്ടേണ്ടിവരുമെന്നും നിലവിലെ ക്രെഡിറ്റുകൾ വിദ്യാർത്ഥികൾക്ക് ഏത് വാഴ്സിറ്റിയിലേക്കും കോളേജിലേക്കും മാറ്റാനാവണമെന്നും കേരളം നിലപാടെടുത്തു. എന്നാൽ ദേശീയനയം നടപ്പാക്കുമെന്ന് ഉറപ്പുനൽകിയാലല്ലാതെ പണം നൽകില്ലെന്ന് കേന്ദ്രവും അറിയിച്ചു. ഒടുവിൽ കേരളം വഴങ്ങി.

Advertisement
Advertisement