സാങ്കേതികവിദ്യ മാനവരാശിയുടെ ക്ഷേമത്തിനുപയോഗിക്കണം: ഗവർണർ

Wednesday 06 March 2024 12:00 AM IST

തിരുവനന്തപുരം: ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഭാവിയിൽ മുന്നേറാനുള്ള ഏക മാർഗമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. സാങ്കേതിക സർവകലാശാലയുടെ പ്രഥമ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാർ എന്ന നിലയിൽ ധാർമ്മികതയിൽ ഉറച്ച് മൂല്യങ്ങളെ മുറുകെപ്പിടിച്ച് വിജ്ഞാനത്തിന്റെയും നൈപുണ്യത്തിന്റെയും നെറുകയിലെത്തണം- ഗവർണർ പറഞ്ഞു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ബോർഡ് ഒഫ് ഗവർണേഴ്‌സ് അംഗം ഡോ. വേണുഗോപാൽ ജി, സിൻഡിക്കേറ്റംഗം ഡോ. വിനോദ് കുമാർ ജേക്കബ്, രജിസ്ട്രാർ ഡോ. എ. പ്രവീൺ, ഡീൻ അക്കാഡമിക് ഡോ. വിനു തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലയിൽ നിന്ന് പിഎച്ച്. ഡി നേടിയവർക്കും 2023-ൽ ഓണേഴ്‌സോടെ ബിരുദം നേടിയ ബി.ടെക് വിദ്യാർത്ഥികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഗവർണറിൽ നിന്ന് ബിരുദം നേടി അച്ഛനും മകളും

അച്ഛനും മകളും ഒരേ ദിവസം ഗവർണറിൽ നിന്ന് ഗവേഷണ ബിരുദ സർട്ടിഫിക്കറ്റ് നേടുന്ന അപൂർവ്വ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സാങ്കേതിക സർവകലാശാലയുടെ പ്രഥമ ബിരുദദാന ചടങ്ങ്. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ഗവേഷണം നടത്തി പി എച്ച്.ഡി നേടിയ ശിവരാജനും മകൾ നിർമലിനുമാണ് ഗവർണർ ബിരുദം നൽകിയത്. രണ്ടുപേരും ഒരേ ദിവസം പിഎച്ച്.ഡി ഓപ്പൺ ഡിഫൻസ് അവതരിപ്പിച്ചതും വാർത്തയായിരുന്നു.

ഇരുവരും ഗവേഷണത്തിനായി തിരഞ്ഞെടുത്തത് പവർ സിസ്റ്റംസ് എന്ന മേഖലയാണ്. ഗൈഡും ഒരേ അദ്ധ്യാപികയാണ്.

1989-ൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ ശിവരാജൻ കെ.എസ്.ഇ.ബി ചീഫ് എൻജിനിയറായി റിട്ടയർ ചെയ്തതിന് ശേഷമാണ് മുഴുവൻ സമയ ഗവേഷകനായത്. പിഎച്ച്.ഡിക്ക് ചേരുന്നതിന് മുമ്പ് രണ്ട് എൻജിനിയറിംഗ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു.

Advertisement
Advertisement