പത്തനംതിട്ട ജനറൽ ആശുപത്രി, രോഗം അറിഞ്ഞു, ചികിത്സ തുടങ്ങി !

Wednesday 06 March 2024 12:25 AM IST
hospital

പത്തനംതിട്ട : പദവി ഇല്ലെങ്കിലും കെട്ടിലുംമട്ടിലും ജില്ലാ ആശുപത്രിയുടെ പ്രതാപം നിറയുന്ന പത്തനംതിട്ട ജനറൽ ആശുപത്രി മലയോരത്തിന്റെ ആശ്രയമാണ്. ആദിവാസി വിഭാഗങ്ങളടക്കം കിലോമീറ്രറുകൾ യാത്ര ചെയ്ത് ഇവിടെ ചികിത്സതേടി എത്തുന്നു. ശബരിമല മണ്ഡലകാലത്തും പതിനായിരങ്ങൾക്ക് ആശ്വാസമാകുന്നു ഇൗ ആരോഗ്യകേന്ദ്രം. അതേസമയം ദിവസവും ആയിരങ്ങൾ ഒ.പിയിൽ റിപ്പോർട്ട് ചെയ്യുന്ന ആശുപത്രിയിൽ പരിമിതികളേറെയാണ്. പ്രത്യേക സംരക്ഷണം ആവശ്യമെന്ന് തോന്നുന്ന കേസുകൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റേയും ഒ.പി ബ്ലോക്കിന്റേയും പണികൾ ആരംഭിച്ചതോടെ എ, ബി ആൻഡ് സി, പേ വാർഡ് എന്നിവിടങ്ങളിലേക്ക് ഒ.പിയും കാഷ്വാലിറ്റിയും മാറ്റി സ്ഥാപിച്ചു. ഇതോടെ തിരക്കേറിയ ആശുപത്രിയിൽ രോഗികളും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. ഉള്ള സൗകര്യത്തിൽ ചികിത്സ നടത്താനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. എ ബ്ലോക്കിൽ എക്സറേ, സ്കാനിംഗ്, മാമോഗ്രാം, ലാബ് എന്നിവയും ബി ആൻഡ് സി ബ്ലോക്കിൽ വാ‌ർഡും ബ്ലഡ് ബാങ്കും ട്രയാജ് ഒ.പിയിൽ കാഷ്വാലിറ്റിയും ഇപ്പോൾ പ്രവർത്തിക്കുന്നു.

ആയിരത്തഞ്ഞൂറിലധികം ഒ.പി

ദിവസേന ആയിരത്തഞ്ഞൂറിലധികം രോഗികൾ ഒ.പിയിൽ എത്താറുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ കാത്ത് ലാബും ന്യൂറോ വിഭാഗവും പ്രവർത്തിക്കുന്നു. റാന്നി, കോന്നി താലൂക്ക് ആശുപത്രികളിൽ നിന്നും അടൂർ ജനറൽ ആശുപത്രിയിൽ നിന്നും രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവിടെ എത്തിക്കാറുണ്ട്.

കാത്ത് ലാബിൽ പരിമിതികളേറെ

ദിവസേന കാർഡിയോളജി മാത്രം ഇരുന്നൂറ് ഒ.പിയുണ്ടാകും. ഇതിൽ പത്ത് ശതമാനം എങ്കിലും പ്രത്യേക പരിചരണം ആവശ്യമുള്ളവരാണ്. കാർഡിയാക് കാത്ത് ലാബിൽ ആകെ പത്ത് കിടക്കകൾ മാത്രമാണുള്ളത്. ദിവസവും നാലും അഞ്ചും സർജറികൾ ഇവിടെ നടക്കുന്നു.

23.75 കോടിയുടെ ക്രിട്ടിക്കൽ

കെയർ യൂണിറ്റ്

അത്യാധുനിക സൗകര്യങ്ങളോടെ 23.75 കോടിയുടെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമ്മാണത്തിലാണ്. 50,500 ചതുരശ്ര അടി വിസ്തീർണത്തിൽ നാലു നിലകളിലായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ട്രയാജ് സംവിധാനം, കാഷ്വാലിറ്റി സൗകര്യങ്ങൾ, ഐ.സി.യു, എച്ച്.ഡി.യു, ഐസൊലേഷൻ വാർഡുകൾ, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്ററുകൾ, നഴ്‌സിംഗ് സ്റ്റേഷൻ, പരിശോധനാമുറി എന്നീ സൗകര്യങ്ങളുണ്ട്.

പ്രവേശനം ഡോക്ടേഴ്സ് ലെയിനിലൂടെ

പുതിയ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചതോടെ ആശുപത്രിയുടെ മുൻഭാഗത്തു കൂടി പ്രവേശനമില്ല. ആശുപത്രിക്ക് പിന്നിൽ ഡോക്ടേഴ്‌സ് ലെയ്‌നിൽ നിന്ന് പുതിയ വഴി നിർമ്മിച്ചിട്ടുണ്ട്.

ഐ.പി കുറച്ചു

കെട്ടിടങ്ങൾ പൊളിച്ചതോടെ സൗകര്യങ്ങൾ കുറഞ്ഞതിനാൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം കുറച്ചു. പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണിപ്പോൾ.

സ്റ്റാഫ് നഴ്സ് : 104

ഡോക്ടർമാർ : 60

Advertisement
Advertisement