കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം... ഒരു മാസത്തിനകം കരാർ, ഒരു വർഷത്തിനകം ഇന്ധനം
കടലിൽ 6,000 മീറ്റർ ആഴത്തിൽ കിണർ
കൊല്ലം: അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയാൽ ഒരു വർഷത്തിനുള്ളിൽ കൊല്ലം തീരം കേന്ദ്രമായി ഇന്ധന പര്യവേക്ഷണം തുടങ്ങുമെന്ന് സൂചന. പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ തീരത്ത് നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിന്റെ കരാർ നടപടികൾ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും.
ആഴക്കടൽ പര്യവേക്ഷണത്തിനുള്ള കൂറ്റൻ കിണർ നിർമ്മാണം, കിണർ നിർമ്മാണത്തെയും തുടർന്നുള്ള പര്യവേക്ഷണത്തെയും പിന്തുണയ്ക്കാൻ കൊല്ലം പോർട്ട് കേന്ദ്രമാക്കിയുള്ള വിവിധ സേവനങ്ങൾ എന്നിവയ്ക്ക് പ്രത്യേക കരാറുകളാണുള്ളത്. 80 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്നു ഏകദേശം 6000 മീറ്റർ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണർ നിർമ്മിക്കുന്നത്. കിണറിന്റെ അന്തിമരൂപരേഖ തയ്യാറായിട്ടുണ്ട്.
കിണർ നിർമ്മിക്കുന്നത് കരാർ കമ്പനിയാണ്. എന്നാൽ ഓയിൽ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പര്യവേക്ഷണം. ഇടവേളകളില്ലാതെ 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പര്യവേക്ഷണം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അല്ലെങ്കിൽ പരമാവധി നാല് മാസം കൂടി നീളാനും സാദ്ധ്യതയുണ്ട്. പര്യവേക്ഷണത്തിനുള്ള സാമഗ്രികൾ സൂക്ഷിക്കാൻ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ഡ്രില്ലിംഗ് പൈപ്പുകൾ സംഭരിക്കും. ഇതിനുള്ള കൂറ്റൻ യാർഡ്, ആയിരം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലാന്റ്, പര്യവേക്ഷണ കപ്പലിനും അതിന് ചുറ്റും സുരക്ഷ തീർക്കുന്ന ചെറുകപ്പലുകൾക്കോ ടഗ്ഗുകൾക്കോ ഇന്ധനം നിറയ്ക്കാൻ കൂറ്റൻ ടാങ്ക്, ഉദ്യോഗസ്ഥർക്ക് യോഗം ചേരാനായി കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനങ്ങളുള്ള താത്കാലിക ഓഫീസ് മുറി തുടങ്ങിയ സംവിധാനങ്ങളും കൊല്ലം പോർട്ടിൽ സ്ഥാപിക്കും.
ഇമിഗ്രേഷൻ ചെക് പോയിന്റ് ഉടൻ
പാർലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്നതിന് മുമ്പു തന്നെ കൊല്ലം പോർട്ടിൽ ഐ.സി.പി അനുവദിച്ചേക്കും. നടപടി ക്രമങ്ങൾ വൈകിയാൽ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഐ.സി.പി അനുവദിക്കുന്നതിന് മുന്നോടിയായി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച സത്യവാങ്മൂലം കേരളമാരിടൈം ബോർഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിരുന്നു. അടുത്തിടെ എമിഗ്രേഷൻ ഡയറക്ടറുമായും കേരള മാരിടൈം ബോർഡ് അധികൃതർ ചർച്ച നടത്തി. ഐ.സി.പിയിൽ സുരക്ഷ ജോലികൾക്കുള്ള പൊലീസുകാർക്ക് പരിശീലനവും വൈകാതെ ആരംഭിക്കും.