മൃതദേഹത്തെ അനാദരിച്ചത് പൊലീസ്: വി.ഡി. സതീശൻ
ആലുവ: കോതമംഗലത്ത് മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എം.എൽ.എയെയും അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാർഹമാണ്. കൊലയാളികളെ അറസ്റ്റു ചെയ്യുന്നതു പോലെയാണ് ഡി.സി.സി അദ്ധ്യക്ഷനെ കൊണ്ടുപോയത്. സിനിമകളിലേത് പോലെ ഒന്നരമണിക്കൂർ ജീപ്പിൽ കറക്കി. വ്യക്തിവിരോധം തീർക്കാനാണ് സമരപ്പന്തലിലിരുന്ന മാത്യു കുഴൽനാടനെ അറസ്റ്റു ചെയ്തത്.
കെ.എസ്.ആർ.ടി.സിയിലേതു പോലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും തവണകളാവുകയും മുടങ്ങുകയും ചെയ്യും. സാങ്കേതിക തകരാറെന്ന പച്ചക്കള്ളമാണ് ധനമന്ത്രി ആവർത്തിക്കുന്നത്. നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന് 4000 കോടി കിട്ടിയിരുന്നു. 3800 കോടി ഓവർഡ്രാഫ്റ്റായതിനാൽ ഖജനാവിൽ ബാക്കിയുണ്ടായത് 200 കോടി മാത്രം. പണം ഇല്ലാത്തതു കൊണ്ടാണ് സെർവർ തകരാറാണെന്ന 'പ്ലാൻ ബി" സർക്കാർ പുറത്തെടുത്തതെന്നും സതീശൻ പറഞ്ഞു.