വനിതാ ദിനാഘോഷത്തിൽ ചിരി പടർത്തി കളക്ടർ ദമ്പതികൾ

Wednesday 06 March 2024 8:23 PM IST

കൊച്ചി: എറണാകുളം ജില്ലാ സ്റ്റാഫ് കൗൺസിലിന്റെ വനിതാദിനാഘോഷം...ഉദ്ഘാടകയായ കളക്ടർ വേദിയിൽ സംസാരിക്കുമ്പോൾ അത് നിറചിരിയോടെ കേട്ടിരിക്കുകയായിരുന്നു മറ്റൊരു കളക്ടർ.. വനിതയായ കളക്ടർ പറഞ്ഞ തമാശകളിൽ ചിലത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ളതുകൂടിയായപ്പോൾ കേട്ടിരുന്ന കളക്ടറുടേത് നിറചിരിയായി.. ഇങ്ങനെ അനുഭവങ്ങൾ പറഞ്ഞ് സദസിനെ ചിരിപ്പിച്ചതൊരു കളക്ടർ ദമ്പതിമാരായിരുന്നു. കളക്ടർ എൻ.എസ്.കെ. ഉമേഷും ഭാര്യയും കോട്ടയം കളക്ടറുമായ വിഘ്‌നേശ്വരിയും. എൻ.എസ്.കെ ഉമേഷ് തന്നെയാണ് പ്രിയ പത്‌നിയെ അതിഥിയായി ക്ഷണിച്ചത്.

സർവീസിനിടയിലെയും ജീവിതവഴികളിലെയും രസകരമായ അനുഭവങ്ങൾ ഇരുവരും പങ്കുവച്ചു. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ തങ്ങളുടെ കഴിവുകൾ ഓരോ ദിവസവും തെളിയിച്ചു കൊണ്ടേയിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിഘ്നേശ്വരി പറഞ്ഞു. സ്ത്രീകളുടെ ജീവിതം തന്നെ ഒരു സമരമാണെന്നും വരും തലമുറക്ക് വേണ്ടി ത്യാഗം സഹിച്ചും പോരാട്ടം തുടരണമെന്നും കളക്ടർ പറഞ്ഞു.

തന്നെക്കാൾ ധീരമായി എല്ലാ കാര്യങ്ങളും വിഘ്നേശ്വരി കൈകാര്യം ചെയ്യുമെന്നും ചെയ്യുന്ന കാര്യങ്ങൾക്ക് ഒന്നും തന്നെ പ്രശസ്തി ആഗ്രഹിക്കാറില്ലെന്നും കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. വനിതാ ദിനത്തിന് മുഖ്യാതിഥിയായി ക്ഷണിക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരാളാണ് വിഘ്നേശ്വരിയെന്നും കളക്ടർ പറഞ്ഞു.

ഫോർട്ട്കൊച്ചി സബ് കളക്ടർ കെ. മീര, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ചെൽസ സിനി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ.സി. എബ്രഹാം, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, ഹുസൂർ ശിരസ്തദാർ ബിന്ദു രാജൻ, സ്റ്റാഫ് സെക്രട്ടറി ആലീസ് മാത്യൂ എന്നിവർ സംസാരിച്ചു.

Advertisement
Advertisement