ശബരി കെ-റൈസ് വിതരണം 12 മുതൽ, ഉദ്ഘാടനം തലസ്ഥാനത്ത് മുഖ്യമന്ത്രി നിർ‌വഹിക്കും

Thursday 07 March 2024 1:44 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശബരി കെ-റൈസ് 12 മുതൽ സപ്ലൈകോയിലൂടെ വിതരണം ചെയ്യും. സപ്ലൈകോ സബ്സിഡിയായി നൽകുന്ന 10 കിലോ അരി വിതരണവും തുടരും. പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 12ന് തിരുവനന്തപുരത്ത് നിർവഹിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയിൽ മട്ടയും പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവയും നൽകും.

13-14 രൂപയുടെ തുണി സഞ്ചിയിലായിരിക്കും അരി വിതരണം. സഞ്ചിയുടെ ചെലവ് 10 ലക്ഷത്തിൽ താഴെയാണ്. ഈ തുക സപ്ലൈകോയുടെ പ്രൊമോഷൻ, പരസ്യ ബഡ്ജറ്റിൽ നിന്ന് കണ്ടെത്തും. സപ്ലൈകോയിൽ അടുത്താഴ്ച എല്ലാം സബ്സിഡി സാധനങ്ങളുമെത്തിക്കും. ചെറുപയർ,​ ഉഴുന്ന്,​ മുളക് അടക്കമുള്ളവ ഗോഡൗണുകളിലെത്തിയെന്നും മന്ത്രി അറിയിച്ചു.

 സഞ്ചിയിലൂടെ സപ്ലൈകോ ബ്രാൻഡിംഗ്

സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉത്പന്നങ്ങളുടെയും പ്രൊമോഷന്റെ ഭാഗമായിട്ടാണ് ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ നൽകുന്നത്. റേഷൻകടകളിലെ അരിയാണ് ഭാരത് അരിയായി നൽകുന്നത്. ഭാരത് അരി വില്പനയിലൂടെ കിലോയ്‌ക്ക് 10.41 രൂപയുടെ ലാഭമാണ് വിതരണക്കാരായ എൻ.എ.എഫ്.ഇ.ഡി, എൻ.സി.സി.എഫ് സ്ഥാപനങ്ങൾ നേടുന്നത്. എന്നാൽ 9.50 മുതൽ 11.11 രൂപയുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുത്താണ് കെ-റൈസ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു കാർഡിന് അഞ്ച് കിലോ

 ജയ അരി (കിലോയ്‌ക്ക്)- 29 രൂപ

 മട്ട, കുറുവ അരി- 30 രൂപ

 റേഷൻ കാർഡൊന്നിന് ഒരുമാസം അഞ്ചുകിലോ പായ്‌ക്കറ്റ്

 വിതരണം 13-14 രൂപയുടെ തുണി സഞ്ചിയിൽ
 സഞ്ചിയുടെ ആകെ ചെലവ് 10 ലക്ഷത്തിൽ താഴെ

Advertisement
Advertisement