വിവാദ താന്ത്രികൻ സന്തോഷ് മാധവൻ നിര്യാതനായി

Thursday 07 March 2024 1:00 AM IST

കൊച്ചി: ഭക്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിലും ഭൂമിതട്ടിപ്പിലും മറ്റും പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവൻ (50) നിര്യാതനായി. ഹൃദ്രോഗത്തിന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11നായിരുന്നു മരണം. കട്ടപ്പന ഇരുപതേക്കർ സ്വദേശിയാണ്. സ്വാമി അമൃതചൈതന്യ എന്നാണ് അറിയപ്പെട്ടിരുന്നത്.

പീഡനക്കേസിലെ ജയിൽവാസത്തിന് ശേഷം കടവന്ത്രയിലെ റോയൽ സ്റ്റേഡിയം ഫ്ലാറ്റിലായിരുന്നു താമസം. മൃതദേഹം ഇന്ന് കട്ടപ്പനയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.

വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷം ഉൾവലിഞ്ഞ ജീവിതമായിരുന്നു. അടുത്തിടെ രണ്ട് തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി. ഈ മാസം ഒന്നിന് ഹൃദയാഘാതമുണ്ടായി. ചൊവ്വാഴ്ചയാണ് ആശുപത്രിയിലാക്കിയത്.

എറണാകുളം പോണേക്കരയിൽ ശാന്തിതീരം എന്ന ആശ്രമത്തിന്റെ മറവിലാണ് സന്തോഷ് മാധവൻ കുറ്റകൃത്യങ്ങളത്രയും നടത്തിയത്. 2008ൽ 40 ലക്ഷം രൂപ തട്ടിയതായി ദുബായ് ബിസിനസുകാരി സെറഫിൻ എഡ്വിൻ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് തട്ടിപ്പുകൾ പുറത്തായത്.

നഗ്‌നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചതും സിനിമാ താരങ്ങളടക്കം വി.വി.ഐ.പികളുടെ സൗഹൃദവും വെളിപ്പെട്ടതോടെ കേരളം ഞെട്ടി. ഇയാളുടെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ കടുവാത്തോലും പൊലീസ് യൂണിഫോമും ധനഇടപാടുകളുടെയും ഭൂമികളുടെയും രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു. ബാങ്ക് ലോക്കറിൽ നിന്ന് ലഭിച്ച സി.ഡികളിലെ ദൃശ്യങ്ങളാണ് പീഡനക്കേസുകളിൽ നിർണായക തെളിവായത്. രണ്ട് കേസുകളിലായി 16 വർഷം തടവാണ് കോടതി ശിക്ഷിച്ചത്. ഒരു കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.

Advertisement
Advertisement