മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ ആക്രമണം; വിനോദ സഞ്ചാരികളുടെ കാർ തകർത്തു
Friday 08 March 2024 8:03 AM IST
ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലാണ് കാട്ടാനയിറങ്ങിയത്. ആന്ധാപ്രദേശിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാർ തകർത്തു. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ജീപ്പ് പടയപ്പ തകർത്തിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. രാജമല സ്വദേശി പ്രദീപിന്റെ ജീപ്പായിരുന്നു ആന തകർത്തത്. കന്നിമല സ്വദേശി രഞ്ജിത്തിന്റെ ഭാര്യയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ജീപ്പുമായി കന്നിമല ഫാക്ടറിക്ക് സമീപത്ത് എത്തിയതായിരുന്നു പ്രദീപ്. രഞ്ജിത്തും കുടുംബവും ജീപ്പിൽ കയറി, വാഹനം പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി പടയപ്പ ആക്രമണം നടത്തിയത്.